വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപുഞ്ചിറ മലനിരകളിൽ വൻ തീപിടിത്തം

വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപുഞ്ചിറ മലനിരകളിൽ വൻ തീപ്പിടിത്തം. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രിയോടെ വീണ്ടും സമീപ പ്രദേശങ്ങളിലേക്ക് പടർന്നു. മലനിരകളിൽ നിന്ന് പുക ഉയരുന്നത് വിനോദ സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ക്രിസ്മസ് അവധിക്കാലമായതിനാൽ സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികളുടെ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ഉടൻ തന്നെ ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് അഗ്‌നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് വൈകുന്നേരത്തോടെ തീ നിയന്ത്രണവിധേയമാക്കിയത്. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനുമായി അഗ്‌നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ സ്ഥിതി ശാന്തമാണ്. ക്രിസ്‌മസ് ദിനമായതിനാൽ ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.



