മണിക്കൂറിൽ നൂറോളം ഉൽക്കകൾ! നാളെ മുതൽ ആകാശവിസ്മയം ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണാം

വാനനിരീക്ഷകർക്ക് ഈ ഡിസംബർ പ്രത്യേക അനുഭവമാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. വർഷത്തിലെ ഏറ്റവും മനോഹരമായ ഉൽക്കാവർഷങ്ങളിൽ ഒന്നായ ജെമിനിഡ്സ് ആകാശത്ത് ദൃശ്യമാകാൻ പോകുകയാണ്. ഇന്ത്യയിൽ ഡിസംബർ 13 മുതൽ 15 വരെ ആണ് ഈ ആകാശവിസ്മയം ദൃശ്യമാകുക. അർധരാത്രി മുതൽ പുലർച്ചെ വരെയാണ് ഈ ഉൽക്കാവർഷം ഏറ്റവും നന്നായി കാണാനാകുക.

കാലാവസ്ഥ അനുകൂലമാണെങ്കിൽ മണിക്കൂറിൽ നൂറിലധികം ഉൽക്കകൾ വരെ കാണാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സാധാരണ ഉൽക്കാവർഷങ്ങൾ വാൽനക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. പക്ഷേ ജെമിനിഡ്സ് ഉൽക്കാവർഷം അതിൽ നിന്ന് വ്യത്യസ്തമാണെന്ന് ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഇത് 3200 ഫേത്തൺ എന്ന ചെറുഗ്രഹത്തിന്റെ പൊടികളും പാറകളും ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തുന്നതുകൊണ്ടാണ് രൂപപ്പെടുന്നത്. മിഥുനം (ജെമിനി) നക്ഷത്രസമൂഹത്തിൽ നിന്നാണ് ഇവ വരുന്നതായി തോന്നുന്നതിനാൽ ‘ജെമിനിഡ്സ്’ എന്ന പേര് നൽകിയിരിക്കുന്നത്.

രാവേറുംതോറും ജെമിനി നക്ഷത്ര സമൂഹം ആകാശത്ത് കൂടുതൽ ഉയർന്നുവരും. ഉൽക്കകൾ ആകാശത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കും. ചില ഉൽക്കകൾ മങ്ങിയതും സൂചി പോലുള്ളതുമായ മിന്നലുകളായിരിക്കും. മറ്റ് ചിലത് തിളക്കമുള്ള ചെറിയ പൊട്ടിത്തെറികൾപോലെ തോന്നിക്കാം.

Back to top button