ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസ്: ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായത് ആലപ്പുഴ സ്വദേശി

തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിൽ ഒരാൾ കൂടി പിടിയിൽ. ചിത്രങ്ങൾ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ വിദ്യാർഥി ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിൽ അലംഭാവം ആരോപിച്ച് ഡിവൈഎഫ്ഐയും എസ് എഫ് ഐയും സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിൽ ചിത്രങ്ങൾ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് പിടിയിലായത്. ഈ ഗ്രൂപ്പിൽ നിന്നാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ പുറത്തേക്ക് പോയതെന്ന് പൊലീസ് പറയുന്നു. സൈബർ ഫോറൻസിക് പരിശോധനക്കിടെയുണ്ടായ സംശയത്തിലാണ് നമ്പർ പിന്തുടർന്ന് ആലപ്പുഴ സ്വദേശിയിലെത്തിത്. ഗ്രൂപ്പിൽ മറ്റ് പല അംഗങ്ങളും രഹസ്യ നമ്പരുകൾ ഉപയോഗിച്ചാണ് ചേർന്നിരിക്കുന്നത്. ഭാരത് മാതാ കോളേജിന് പുറത്തുള്ളവരും ഗ്രൂപ്പിലുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. റിമാൻഡിൽ കഴിയുന്ന ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശ്രീഹരിയെ ചോദ്യം ചെയ്താൽ മറ്റ് പ്രതികളെ തിരിച്ചറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ചിത്രങ്ങൾ മോർഫ് ചെയ്ത രീതിയും പ്രചരിപ്പിച്ച ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങളുമടക്കം ലഭിക്കാനുണ്ട്. അതിനിടെ കെ എസ് യു ഭാരവാഹി പ്രതിയായ കേസിൽ, കെ എസ് യുക്കാരെ സംരക്ഷിക്കാനായി പൊലീസ് ഉഴപ്പുകയാണെന്ന് ആരോപിച്ച് എസ് എഫ് ഐയും ഡിവൈഎഎഫ്ഐയും തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Back to top button