ശബരിമല സ്വർണക്കൊള്ള കേസ്.. പത്മകുമാറിനെതിരായ നടപടിയിൽ സിപിഎമ്മിൽ രണ്ടഭിപ്രായം..

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാറിനെതിരായ നടപടിയിൽ സി പി എമ്മിൽ രണ്ട് അഭിപ്രായം. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന മുറക്ക് നടപടികളിലേക്ക് പോകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണെങ്കിലും പത്മകുമാര്‍ വിഷയവും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് പങ്കെടുക്കുന്ന യോഗമായതിനാൽ തന്നെ പത്മകുമാറിനെതിരായ നടപടിയുടെ കാര്യത്തിൽ നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് നിർണായകമാണ്.



