ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യ: സിപിഎം വിലക്കുണ്ടെന്ന് ആരോപണം; കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ കത്ത് പുറത്ത്

പയ്യന്നൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം ഭീഷണി വ്യക്തമാക്കുന്ന കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ കത്ത് പുറത്ത്. കോൺഗ്രസ് ബിഎൽഎ വൈശാഖ് ജില്ലാ കളക്ടർക്ക് അയച്ച പരാതിയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ആത്മഹത്യ സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്നും വിശദമായ റിപ്പോർട്ടിനു ശേഷമെ കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.
ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണത്തിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടെന്ന ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ എട്ടാം തീയതി കോൺഗ്രസ് ബൂത്ത് ഏജന്റ് വൈശാഖ് ജില്ലാ കളക്ടർക്ക് അയച്ച പരാതിയാണിത്. സിപിഎമ്മുകാരുടെ വിലക്ക് കാരണം ബിഎൽഒ സഹകരിക്കുന്നില്ലെന്നും വോട്ടർപട്ടികയിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നും ഇടപെടണമെന്നും പരാതിയിൽ പറയുന്നു. പരാതി നൽകാൻ അനീഷ് ജോർജ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് ബൂത്ത് ഏജന്റ് പറഞ്ഞു.



