40 അടിയോളം താഴ്ചയുള്ള കിണറിൽ അബദ്ധത്തിൽ വീണത്..രക്ഷകരായി അഗ്നിരക്ഷാ സേന..
പൊന്മള പുതിയങ്ങാടി മുട്ടിപ്പാലത്ത് ഫാം ഹൗസിലെ കിണറിൽ വീണ പോത്തുകുട്ടിക്ക് രക്ഷകരായി മലപ്പുറം അഗ്നിരക്ഷാ സേന. ഉച്ചക്ക് രണ്ടോടെയാണ് മുട്ടിപ്പാലം പൂവല്ലൂർ ഹസന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ സമീപത്തെ പറമ്പിൽ കെട്ടിയ പോത്ത് അബദ്ധത്തിൽ കിണറിൽ വീണത്. 40 അടിയോളം താഴ്ചയുള്ള കിണറിൽ മൂന്നാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. വീട്ടുകാർ അറിയിച്ചതിനെതുടർന്ന് മലപ്പുറം അഗ്നിരക്ഷാ സേനയിലെ സേനാഗംങ്ങൾ സ്ഥലത്തെത്തി.
അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ. അഭിലാഷ്, കെ.സി. മുഹമ്മദ് ഫാരിസ് എന്നിവർ കിണറിൽ ഇറങ്ങി പോത്തിനെ റെസ്ക്യൂ ബെൽറ്റ് ധരിപ്പിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റി. ഒരു വയസ്സുള്ള പോത്തുകുട്ടിയാണ് കിണറിൽ വീണത്. പോത്തിന് കാര്യമായ പരിക്കുകൾ ഒന്നുമില്ല.
സീനിയർ ഫയർ ആൻഡ് റെ സ്ക്യൂ ഓഫിസർ കെ. മു ഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ അക്ഷയ് രാജീവ്, അനുശ്രീ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ അനുപ് ശ്രീധരൻ, ഹോം ഗാർഡ് കുഞ്ഞിമുഹമ്മദ്, ഡിഫൻസ് അംഗങ്ങളായ നിഷാജ്, യൂനുസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


