ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ 9ന്.. ഈ മാസം 21വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം…
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 9നാണ് വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇരുപത്തിയഞ്ചാണ്.
പാർലമെന്റിൻ്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണന ക്രമത്തിൽ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ വോട്ടുകൾക്കും തുല്യ മൂല്യമാണുള്ളത്.
ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപ രാഷ്ട്രപതിയാണ് ജഗ്ദീപ് ധൻകർ. ധൻകറിന് മുൻപ് വി വി ഗിരി, ആർ വെങ്കിട്ടരാമൻ എന്നിവരായിരുന്നു കാലാവധി പൂർത്തിയാകും മുൻപ് രാജിവച്ച മറ്റ് ഉപരാഷ്ട്രപതിമാർ. ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ഉപരാഷ്ട്രപതി പദവി ഉപേക്ഷിച്ചത്. ഇവർക്ക് ശേഷം ഗോപാൽ സ്വരൂപ് പഥ, ശങ്കർ ദയാൽ ശർമ്മ എന്നിവർ ആ സ്ഥാനത്തേക്കെത്തിയിരുന്നു.




