നല്ല ഭക്ഷണമില്ല, പരോളില്ല, ജയിൽജീവിതം മടുത്തു.. ജയിൽച്ചാട്ടത്തിന്റെ കാരണം നിരത്തി ഗോവിന്ദച്ചാമി..

പരോളില്ല, നല്ല ഭക്ഷണമില്ല… ജയിൽജീവിതം മടുത്തു… ജയിൽച്ചാട്ടത്തിന്റെ കാരണം നിരത്തി ഗോവിന്ദച്ചാമി. മൂന്നുതവണ ജയിൽ ചാടാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നൽകിയ മൊഴിയിലുണ്ട്. ‘‘15 വർഷമായി ജയിലിൽ കിടക്കുന്നു. ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോൾ അനുവദിച്ചില്ല.’’ -ഗോവിന്ദച്ചാമി ആവശ്യങ്ങളും പരാതികളും പോലീസിനു മുന്നിൽ നിരത്തി.

ഇരുമ്പഴി മുറിക്കാൻ ഉപയോഗിച്ച അരം മൂന്നുവർഷം മുൻപ് ജയിലിലെ മരപ്പണിക്കാരുടെ പക്കൽനിന്നു മോഷ്ടിച്ചതാണെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ഇത് സെല്ലിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു.

ഗോവിന്ദച്ചാമി ജയിൽ ചാടിയത് എട്ട് മാസത്തെ ആസൂത്രണത്തിനൊടുവിലാണ്. കനത്ത മഴയുള്ള രാത്രി ജയിൽചാട്ടത്തിന് തിരഞ്ഞെടുത്തതിൽ ഈ ആസൂത്രണമുണ്ട്. ജയിൽചാട്ടം സുഗമമാക്കാൻ തടി കുറയ്ക്കാനും ഇയാൾ ശ്രദ്ധിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

വ്യാഴാഴ്ച രാത്രി സെല്ലിനുള്ളിൽ രാത്രി ഒരുമണിവരെ ഗോവിന്ദച്ചാമി മൂടിപ്പുതച്ച് കിടന്നുറങ്ങുണ്ടായിരുന്നുവെന്നാണ് വാർഡൻ പറയുന്നത്. എന്നത്തേയുംപോലെ ചുവരിനോട് ചേർന്നുതന്നെയായിരുന്നു കിടത്തം. ഇതിനിടെ പത്താം ബ്ലോക്കിലെ സെല്ലിൽ വെളിച്ചമില്ലെന്ന് പരാതി വരുന്നു. പിന്നാലെയാണ് വാർഡൻ സെല്ലിനടുത്തെത്തി ടോർച്ചടിച്ചു നോക്കിയത്. ഗോവിന്ദച്ചാമി പതിവുശൈലിയിൽ പുതച്ചുമൂടി അവിടെത്തന്നെയുണ്ടായിരുന്നെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.

മുൻപ് പുറത്തുവന്നിരുന്ന ചിത്രങ്ങളിൽ കണ്ടിരുന്നതിനേക്കാൾ മെലിഞ്ഞ രൂപത്തിലാണ് ഇപ്പോൾ പിടിയിലായ ഗോവിന്ദച്ചാമിയുടെ ദൃശ്യങ്ങൾ. ഇയാൾ ഏതാണ്ട് പകുതിയോളം ഭാരം കുറച്ചിരുന്നെന്നാണ് സൂചന. ജയിൽ ചാടാൻവേണ്ടി ഭക്ഷണം ക്രമീകരിച്ചതിലൂടെയാണ് ഈ ശരീരപ്രകൃതിയിലേക്ക് ഗോവിന്ദച്ചാമി എത്തിയതെന്നാണ് വിവരം. മനഃപൂർവം ഭക്ഷണം ചുരുക്കിയും ചിലനേരത്ത് കഴിക്കാതിരുന്നും ശരീരഭാരം കുറയ്ക്കുകയായിരുന്നു. കമ്പികൾക്കിടയിലൂടെ നൂഴ്ന്നിറങ്ങാനുള്ള സാധ്യതകൂടി പരിഗണിച്ചായിരുന്നു ഈ നീക്കം. ദീർഘനാളായി ചോറ് കഴിച്ചിരുന്നില്ല. പകരം ചപ്പാത്തി കഴിച്ചു. ഇതിന് ഡോക്ടറിൽനിന്നുള്ള അനുവാദവും ലഭിച്ചിരുന്നുവെന്നാണ് വിവരം.

തുണി ഉപയോഗിച്ചാണ് ജയിലിന്റെ രണ്ട് മതിലുകൾ ചാടിക്കടന്നത്. ഇതിനായി ജയിലിൽ പലരും ഉണക്കാനിട്ടിരുന്ന താരതമ്യേന നീളം കൂടി ബെഡ് ഷീറ്റുകൾ ഉൾപ്പെടെ ഇയാൾ സംഘടിപ്പിച്ചിരുന്നു. ജയിലിനകത്ത് നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കേ ഹാക്‌സോ ബ്ലേഡ് തന്ത്രത്തിൽ കൈക്കലാക്കി. അതുപയോഗിച്ചാണ് താഴെ നിരയിലുള്ള കമ്പി അറുത്തത്. കഴിഞ്ഞ ഒരുമാസമായി രാത്രി ഈ കമ്പികൾ മുറിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ. ഇന്നലെ രാത്രിയോടെ അത് പൂർണമായും മുറിച്ചുമാറ്റിയെന്നും ജയിൽ അധികൃതർ പറയുന്നു. ഇരുമ്പുകമ്പിയുടെ കട്ടി കുറയ്ക്കാൻ ഉപ്പുവെച്ച് തുരുമ്പിപ്പിച്ചെന്നും പറയപ്പെടുന്നു. കമ്പി വളച്ച വിടവിലൂടെ പുറത്തുചാടാൻ മെലിഞ്ഞ ശരീരം സഹായിച്ചു.

ജയിലിലെ ക്വാറന്റീൻ ബ്ലോക്ക് വഴി കറങ്ങിയാണ് ജയിൽ മതിലിനടുത്തെത്തിയത്. തുടർന്ന് ഉണക്കാനിട്ട തുണിത്തരങ്ങൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി മതിൽ ചാടിക്കടന്നു. നാലേകാൽവരെ ജയിലിനോട് ചേർന്ന ഒരു വൃക്ഷച്ചുവട്ടിൽ ഇയാൾ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. ഒന്നേകാലിന് ജയിൽ വരാന്തയിൽനിന്ന് പുറത്തിറങ്ങിയെന്ന് സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പറയപ്പെടുന്നു. ജയിലിനകത്തെ നൂറ്റിനാൽപ്പതോളം സിസിടിവികൾ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും ഉറങ്ങിപ്പോയിരുന്നെന്നാണ് സൂചന. സിസിടിവി പരിശോധിക്കേണ്ട ഉദ്യോഗസ്ഥനുംകൂടി ഉറങ്ങിയതോടെ ഗോവിന്ദച്ചാമിക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. രാവിലെ അഞ്ചുമണിയോടെ മതിലിനു മുകളിൽ തുണികൊണ്ടുണ്ടാക്കിയ വടം കിടക്കുന്നത് കണ്ടതോടെയാണ് പോലീസ് സെല്ലുകൾ പരിശോധിച്ചു തുടങ്ങിയത്. ആ പരിശോധനയിൽ ചാടിയത് ഗോവിന്ദച്ചാമിയാണെന്ന് മനസ്സിലായി. അപ്പോഴേക്ക് സമയം ഏതാണ്ട് ആറുമണിയോടടുത്തിരുന്നു. ഒരു കൈക്കൊണ്ട് തുണിയിൽപ്പിടിച്ചും വായകൊണ്ട് കടിച്ചുപിടിച്ചും മുകളിലേക്ക് കയറിയെന്നാണ് ഗോവിന്ദച്ചാമി പോലീസിന് നൽകിയ മൊഴി. ഈവിധത്തിൽ അതിശ്രമകരമായാണ് ഏഴര മീറ്റർ നീളമുള്ള മതിൽ ചാടിക്കടന്നതെന്ന് പോലീസ് പറയുന്നു.

ഇതിനിടെ വസ്ത്രം മാറിയുടുക്കാനും അയാൾ ശ്രദ്ധിച്ചു. ജയിൽ യൂണിഫോമായ വെള്ളവസ്ത്രം മാറ്റിയശേഷം റിമാൻഡ് തടവുകാർ ഉപയോഗിക്കുന്ന വസ്ത്രമെടുത്ത് അണിഞ്ഞു. റിമാൻഡ് തടവുകാർക്ക് ജയിൽ യൂണിഫോമില്ല. ഇതു ധരിച്ചതു കാരണം പുറത്തിറങ്ങിയപ്പോഴും ആളുകൾക്ക് ഗോവിന്ദച്ചാമിയെ തിരിച്ചറിയാനായില്ല.

40 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് കണ്ണൂർ സെൻട്രൽ ജയിൽ. സംസ്ഥാനത്തെത്തന്നെ ഏറ്റവും കാവലുള്ളതും സുരക്ഷയുള്ളതുമായ ജയിലാണിത്. പത്ത് ബ്ലോക്കുകളാണ് ജയിലിനുള്ളത്. അതിനകത്തുതന്നെ അതീവ സുരക്ഷയുള്ള പത്താംനമ്പർ സെല്ലിലായിരുന്നു ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. അവിടെയാകെ 68 സെല്ലുകളാണുള്ളത്. ഓരോ സെല്ലിലും ഓരോ കുറ്റവാളികളെ മാത്രമാണ് പാർപ്പിച്ചിരുന്നത്.

Related Articles

Back to top button