സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം… ഗുണ്ടാനേതാവ് മരട് അനീഷിനെ…

നെടുമ്പാശ്ശേരിക്കു സമീപമുള്ള സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെയും ഉടമയെയും ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിനെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ അനുവദിച്ചത്. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേരളം വിടാൻ ശ്രമിച്ച അനീഷിനെയും സംഘത്തെയും തൃശ്ശൂരിൽ വെച്ചാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്.
എന്നാൽ ഈ കേസിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും യാതൊരുവിധ തെളിവുകളുമില്ലാതെയാണ് പോലീസ് തങ്ങളെ പ്രതി ചേർത്ത് പിടികൂടിയിരിക്കുന്നതെന്നും കോടതിയിൽ വെച്ച് മരട് അനീഷ് ആരോപിച്ചു. നെടുമ്പാശ്ശേരിയിലെ സ്പായിൽ എത്തി ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും അതിക്രമം കാണിക്കുകയും ചെയ്ത സംഭവത്തിന് ശേഷം മരട് അനീഷും സംഘവും കാർ മാർഗ്ഗം മൈസൂരിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നു. ഈ വിവരമറിഞ്ഞ് പോലീസ് വലവിരിച്ചതോടെയാണ് തൃശ്ശൂരിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ മാത്രം അമ്പതിലധികം വധശ്രമം, ഗുണ്ടാ പിരിവ്, തട്ടിക്കൊണ്ടുപോകൽ, ആയുധം കൈവശം വെക്കൽ ഉൾപ്പെടെയുള്ള കടുത്ത ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരട് അനീഷ്.
നേരത്തെ പോലീസിനെ ഔദ്യോഗികമായി ഭീഷണിപ്പെടുത്തിയയതിന് എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മരട് അനീഷിനെ ജനുവരിയിൽ റിമാൻഡ് ചെയ്തിരുന്നു. മുൻപ് ഒരു ഹണി ട്രാപ്പ് കേസിലെ പ്രതിയെ തിരഞ്ഞ് മുളവുകാട് പോലീസ് എത്തിയപ്പോഴാണ് അനീഷ് പോലീസിന്റെ പിടിയിലാകുന്നത്. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി സമൻസ് അയച്ചിട്ടും മരട് അനീഷ് കോടതിയിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും പോലീസ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. പുതിയ സ്പാ അതിക്രമക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതോടെ, സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ അന്വേഷണത്തിനുമുള്ള നീക്കത്തിലാണ് പോലീസ് സംഘം.



