ഓസ്‌ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ അതിക്രമം… തീവ്ര വലതുപക്ഷ ഇൻഫ്ലുവൻസർ….

ദ്വിദിന സന്ദർശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ അതിക്രമിച്ചു കയറി തീവ്ര വലതുപക്ഷ-കുടിയേറ്റ വിരുദ്ധന്റെ പരസ്യ പ്രതിഷേധം. മെൽബണിലെ പ്രമുഖ ഹോട്ടലിലാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ സുരക്ഷാ വീഴ്ചയുണ്ടായത്. ഓസ്‌ട്രേലിയയിലെ പ്രമുഖ സോഷ്യൽ മീഡിയ താരമായ ഹ്യൂഗോ ലെന്നൻ (22) ആണ് അതീവ സുരക്ഷാ മേഖലയായ ഹോട്ടലിൽ അതിക്രമിച്ച് കയറി പ്രധാനമന്ത്രിക്കു നേരെ അസഭ്യ മുദ്രാവാക്യം മുഴക്കിയത്. ഇയാളെ പിന്നീട് പോലീസ് സ്ഥലത്തുനിന്ന് നീക്കം ചെയ്തതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിൽ എത്തിയത്.
സോഷ്യൽ മീഡിയയിൽ ‘ഓസ്പിൽ’ എന്ന പേരിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസറാണ് പിടിയിലായ ഹ്യൂഗോ ലെന്നൻ. ഹോട്ടൽ ലോബിയിൽ വിരിച്ചിരുന്ന റെഡ് കാർപറ്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ സമയത്താണ് ഒന്നാം നിലയിലെ ലോബിയിൽ നിലയുറപ്പിച്ചിരുന്ന ഹ്യൂഗോ മോദിയ്ക്ക് നേരെ കടുത്ത ഭാഷയിൽ കൂകിവിളിച്ചതും അസഭ്യം പറഞ്ഞതും. ഇത് ഓസ്‌ട്രേലിയയാണ്. ഇനി ഇവിടെ ഇന്ത്യക്കാരെ വേണ്ട. ഞങ്ങൾക്ക് ഇനി കൂടുതൽ കുടിയേറ്റക്കാരെ ആവശ്യമില്ല. ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്ക് വേണ്ടിയുള്ളത് മാത്രമാണ്” എന്നിങ്ങനെ ഇയാൾ ഹോട്ടലിനുള്ളിൽ നിന്ന് ഉച്ചത്തിൽ അട്ടഹസിക്കുകയായിരുന്നു. ഈ വംശീയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഇയാൾ തന്നെ പിന്നീട് സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിടുകയും ചെയ്തു. ഹോട്ടലിൽ വെച്ച് അസഭ്യം മുഴക്കിയതിന് പിന്നാലെ, വ്യാഴാഴ്ച മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത സമയത്തും അവിടെയെത്തി പ്രശ്നമുണ്ടാക്കാൻ ഹ്യൂഗോ ശ്രമിച്ചിരുന്നു. എന്നാൽ കനത്ത സുരക്ഷ കാരണം ആ നീക്കം വിജയിച്ചില്ല.
പ്രതിഷേധം കനത്തതോടെ ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഹ്യൂഗോയെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയുമായിരുന്നു. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി താമസിക്കുന്ന, അതീവ സുരക്ഷയുള്ള ഹോട്ടലിനുള്ളിൽ ഹ്യൂഗോയെപ്പോലൊരു തീവ്ര നിലപാടുകാരന് എങ്ങനെ ഇത്രയും എളുപ്പത്തിൽ കയറിപ്പറ്റാൻ കഴിഞ്ഞു എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്. ഈ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഓസ്‌ട്രേലിയൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.



