ആറന്മുളയെ ഭരണകൂടത്തിന്റെ പിന്തുണയോടെ ഭൂമാഫിയക്ക് നിരങ്ങാൻ വിട്ടുകൊടുക്കില്ല… മുൻ കൃഷിമന്ത്രി

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നടന്ന ഡ്രോൺ സർവ്വേയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുൻ കൃഷിമന്ത്രി പി പ്രസാദ്. ആറന്മുളയെ ഭൂമാഫിയക്ക് കയറിയിറങ്ങി നിരങ്ങാനുള്ള ഇടമാക്കി മാറ്റിയെന്നും, നിലവിലെ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയിലാണ് ചിലർ ഇപ്പോൾ ഇത്തരം ചില വർത്തമാനങ്ങൾ പറയുന്നതെന്നും പി പ്രസാദ് തുറന്നടിച്ചു. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന ആറന്മുള വിമാനത്താവള പദ്ധതിയെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുന്നത്.

എന്തുകൊണ്ട് കഴിഞ്ഞ പത്തുകൊല്ലം ആറന്മുളയിൽ ഒരു ഡ്രോൺ സർവ്വേയും ഉണ്ടായില്ലെന്ന് ചോദിച്ച പി പ്രസാദ്, പത്തുകൊല്ലം കഴിഞ്ഞപ്പോൾ കച്ചവടം ചെയ്യുമെന്ന് കച്ചവടക്കാർ വന്ന് പറയുകയാണെന്ന് കുറ്റപ്പെടുത്തി. കച്ചവടക്കാർക്ക് വേണ്ടി കൊടുക്കാനുള്ളതല്ല നാട്ടിലെ ജനവിധിയെന്നും, ജനവിധിയുടെ പേരിൽ എന്തും ചെയ്യാൻ ആർക്കും അവകാശമുണ്ടെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പദ്ധതി പ്രദേശത്തെ ഭൂവുടമയും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാനുമായ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനമാണ് കഴിഞ്ഞ ദിവസം ആറന്മുളയിൽ ഡ്രോൺ സർവ്വേ നടത്തിയത്. തന്റെ പക്കൽ ആറന്മുളയിൽ 400 ഏക്കർ ഭൂമിയുണ്ടെന്നും സർവ്വേക്കായി സ്വകാര്യ കമ്പനി വീണ്ടുമെത്തുമെന്നും എബ്രഹാം കലമണ്ണിൽ പ്രതികരിച്ചു. നിലവിലെ യുഡിഎഫ് സർക്കാരുമായി താൻ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നും, ഈ ഡ്രോൺ സർവ്വേ നടത്തിയത് ജില്ലാ ഭരണകൂടത്തിന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആറന്മുള വിമാനത്താവള പദ്ധതിക്കായുള്ള പുതിയ നീക്കങ്ങളെ ബിജെപി ശക്തമായി എതിർക്കുമെന്ന് മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. എബ്രഹാം കലമണ്ണിൽ കേവലം ഭൂമി കച്ചവടമാണ് ലക്ഷ്യമിടുന്നത്. ഈ ഡ്രോൺ സർവ്വേ നടത്തിയതിൽ വലിയ ദുരൂഹതയുണ്ട്. പത്തനംതിട്ട ജില്ലയിൽ മറ്റിടങ്ങളിൽ വിമാനത്താവളത്തിന് അനുയോജ്യമായ നല്ല സ്ഥലങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറന്മുള എംഎൽഎ അബിൻ വർക്കി പ്രദേശത്തെക്കുറിച്ച് കൃത്യമായി പഠിച്ചിട്ടല്ല നേരത്തെ വിമാനത്താവളത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതെന്ന് കുമ്മനം ആരോപിച്ചു. 2014-ൽ ദേശീയ ഹരിത ട്രിബ്യൂണൽ (NGT) ആറന്മുള പദ്ധതി റദ്ദാക്കിയിരുന്നു. കൂടാതെ 10 വർഷം മുമ്പ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി ജനങ്ങളെ അണിനിരത്തി പുതിയ നീക്കങ്ങൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നാണ് ബിജെപിയുടെ നിലപാട്.

Related Articles

Back to top button