പട്ടാപ്പകൽ മിന്നൽ വേഗത്തിൽ വാഴക്കുല മോഷണം, ആശങ്കയിലായി കർഷകർ

പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന വിരുതന്മാരായ മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി. വാളകം സ്വദേശികളായ ഗോപകുമാർ , വിഷ്ണു എന്നിവരെയാണ് വാഴക്കുലകൾ മോഷ്ടിച്ചതിന് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാവ് ജംഗ്ഷനിൽ ബംഗ്ലാവ് വീട്ടിൽ ശിവശങ്കരൻ നായരുടെയും വിജയമ്മയുടെയും പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് അടുത്തിടെ വാഴക്കുലകൾ മോഷണം പോകുന്നത് പതിവായിരുന്നു. ആറ്റുനോറ്റ് വളർത്തിയെടുക്കുന്ന വാഴക്കുലകൾ അത്രയും മോഷണം പോകാൻ തുടങ്ങിയതോടെ ഒടുവിൽ ശിവശങ്കരൻ നായരും ഭാര്യ വിജയമ്മയും ചേർന്ന് കുന്നിക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർ രാജകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.



