രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വന്നേരി പങ്ങം അപ്പുണ്ണി വധക്കേസ്… പ്രതി 32 വര്‍ഷത്തിനുശേഷം…
പെരുമ്പടപ്പ് വന്നേരിയില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ പ്രതി 32 വര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ ചൂലനൂര്‍ സ്വദേശി കൃഷ്ണന്‍ (കൃഷ്ണകുമാര്‍-59) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. അപ്പുണ്ണി വധക്കേസിലെ ഒന്നാം പ്രതി വന്നേരി പങ്ങം ഗോപിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്ന കൃഷ്ണകുമാര്‍ കേസിലെ ഒന്‍പതാം പ്രതിയാണ്.
1993-ല്‍ കേരള രാഷ്ട്രീയത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു വന്നേരി പങ്ങം സ്വദേശി അപ്പുണ്ണിയുടേത്. തൃശ്ശൂര്‍ ഡിഐജിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന ലോങ് പെന്‍ഡിങ് സ്പെഷ്യല്‍ ഡ്രൈവിലാണ് പ്രതി പിടിയിലായത്. മലപ്പുറം പോലീസ് മേധാവി വിശ്വനാഥന്‍ നല്‍കിയ പ്രത്യേക നിര്‍ദേശപ്രകാരം തിരൂര്‍ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയെ ആലത്തൂര്‍ ചൂലനൂരില്‍നിന്ന് പിടികൂടിയത്. പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ സി.വി. ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, ജെറോം, വിഷ്ണു നാരായണ്‍, ജോഷില എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്പുണ്ണി കൊലപാതകത്തിനുശേഷം ഒന്‍പതാം പ്രതിയായ കൃഷ്ണകുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യല്‍ സ്‌ക്വാഡ് ആയിരത്തോളം ഫോണ്‍ നമ്പറുകള്‍ പരിശോധിക്കുകയും, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


