മഴക്കെടുതി… ഇന്ന് നഷ്ടമായത് നാല് ജീവൻ…
മഴക്കെടുതിയിൽ ഇന്ന് നാലു പേർക്ക് ജീവൻ നഷ്ടമായി. എറണാകുളം വരാപ്പുഴയിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു. വരാപ്പുഴ സ്വദേശി പോളാണ് മരിച്ചത്. പത്തനംതിട്ട വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. രഞ്ജിത്ത് രാജേന്ദ്രൻ ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. കോട്ടയം ഒളശയിൽ വെള്ളക്കെട്ടിൽ വീണ മാവുങ്കൽ സ്വദേശി അലൻ ദേവസി മരിച്ചു.
കൊല്ലം കുണ്ടറയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണപിള്ള ആണ് മരിച്ചത്.വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും ഷോക്കേറ്റു. മകളെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കോട്ടയം ആലപ്പുഴ ജില്ലകളിലാണ് മഴദുരിതം തുടരുന്നത്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി. ആലപ്പുഴയിൽ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ചേന്നങ്കരി, കുട്ടമംഗലം, നെടുമുടി, പൂപ്പള്ളി, എടത്വ പ്രദേശങ്ങളിലെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ആലപ്പുഴ കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ 13 സ്കൂളുകൾക്കും നാളെ അവധിയാണ്.



