മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം… അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്പിയുടെ നേതൃത്വത്തിൽ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിൽ സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാൻ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി. ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

സന്ധ്യയ്ക്ക് 35 വയസുണ്ടെങ്കിലും പ്രായത്തിനനുസരിച്ചുള്ള മാനസിക വളർച്ച ഇല്ലെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. പലകുറി മാനസികാരോഗ്യ വിദഗ്ധരെയടക്കം കണ്ട് സന്ധ്യ ചികിത്സ തേടിയിട്ടുമുണ്ടെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ കാണാതായ ഘട്ടം മുതൽ സന്ധ്യയെ ചോദ്യം ചെയ്യുന്ന പൊലീസിനും സന്ധ്യയുടെ മനോനിലയെ കുറിച്ച് സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യ വിദഗ്ധനെ എത്തിച്ച് സന്ധ്യയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയതും. നിലവിൽ കൊലക്കേസ് തന്നെ സന്ധ്യയ്ക്കെതിരെ ചുമത്തി മുന്നോട്ട് പോകാനാണ് പൊലീസിൻറെ തീരുമാനം.

എന്നാൽ, സന്ധ്യയ്ക്ക് ഒരു മാനസിക പ്രശ്നങ്ങളും ഇല്ലെന്നണ് ഭർത്താവ് സുഭാഷിൻറെ പക്ഷം. സന്ധ്യ മുമ്പും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു വധശ്രമമെന്ന് കുഞ്ഞിൻറെ അച്ഛൻറെ വീട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിനെ കൂടാതെ സന്ധ്യയ്ക്ക് പത്ത് വയസുള്ള ഒരു മകൻ കൂടിയുണ്ട്. സന്ധ്യയുടെയും ഭർത്താവിൻറെയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button