‘മാറിനിൽക്കെട മുണ്ടയ്ക്കൽ ശേഖരാന്ന് പറഞ്ഞാണ് സ്ത്രീകൾ തള്ളിക്കയറുന്നത്’

സ്ത്രീകൾക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയായ പ്രയദർശിനിയെ കുറിച്ച് യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. പ്രിയദർശിനിയിൽ യാത്ര ചെയ്തപ്പോൾ തനിക്കുണ്ടായൊരു ദുരനുഭവം പറഞ്ഞാണ് ധന്യയുടെ പ്രതികരണം. സാഹസികതകളൊക്കെ ഇഷ്ടപ്പെടുന്നൊരാളാണെങ്കിൽ പ്രിയദർശിനിയിൽ പോകാമെന്നും അത്രയ്ക്കും തിരക്കാണ് ബസിലെന്നും ധന്യ പറയുന്നു. പദ്ധതി മിസ് യൂസ് ചെയ്യുന്ന ഒരുപാട് പേരുണ്ടെന്നും ആയിരം ആനയും അതിൻറെ തോട്ടിയും തരാമെന്ന് പറഞ്ഞാലും പ്രിയദർശിനിയിലേക്ക് താനിനി ഇല്ലെന്നും ധന്യ കൂട്ടിച്ചേർത്തു.
ഹെലൻ ഓഫ് സ്പാർട്ടയുടെ വാക്കുകൾ ഇങ്ങനെ
പരീക്ഷണം എന്ന നിലയിൽ സർക്കാർ നൽകുന്ന പ്രിയദർശിനി സൗജന്യ യാത്ര ഉണ്ടല്ലോ, അതിൽ ഞാനും ഇന്ന് യാത്ര ചെയ്തു. ഒരു കാര്യവും ഉണ്ടായിട്ടല്ല യാത്ര ചെയ്തത്. കോളേജിലൊക്കെ പഠിക്കുമ്പോൾ കെഎസ്ആർടിസിയിൽ തന്നെയാണ് ഞാൻ പൊയ്ക്കോണ്ടിരുന്നത്. ബസിൽ യാത്ര ചെയ്യാൻ എനിക്ക് ഇഷ്ടവുമാണ്. ഇന്ന് പ്രിയദർശിനി ബസിലുണ്ടായൊരു അനുഭവം ഉണ്ടല്ലോ എൻറെ ദൈവമെ.. സാഹസികതകളൊക്കെ ഇഷ്ടപ്പെടുന്നൊരാളാണ് നിങ്ങളെങ്കിൽ, വീട്ടിൽ വെറുതെ ഇരിക്കുകയാണെങ്കിൽ ഒന്ന് ട്രൈ ചെയ്യുക.
ബന്ദിയോട് മുതൽ കാസർകോട് വരെയാണ് ഞാൻ യാത്ര ചെയ്തത്. തിരക്കെന്ന് പറഞ്ഞാലുണ്ടല്ലോ.. തൃശൂര് പൂരത്തിന് ഞാൻ പോയിട്ടില്ല. എന്നാലും ടിവിയിലൊക്കെ നമ്മൾ കണ്ടിട്ടില്ലേ.. അതുപോലെ തിരക്കാണ് ബസിൽ.
ഞാൻ ലാലേട്ടനെ പോലെയാണ് ബസിൽ ഇരിക്കുന്നത്. എൻറെ ദേഹത്തൂടെയാണ് പലരും ഇരിക്കുന്നത്. അടുത്ത ബസ് പ്രിയദർശിനി തന്നെ വരുന്നുണ്ട്, ഇതിന് സ്ഥലമില്ലെന്ന് കണ്ടക്ടർ പറഞ്ഞിട്ടും ഒരു രക്ഷയും ഇല്ല. മാറിനിൽക്കെടാ മുണ്ടയ്ക്കൽ ശേഖരാ എന്ന് പറഞ്ഞാണ് സ്ത്രീകൾ കയറുന്നത്. അമ്മാതിരി തിരക്കാണ്. ഈ ഫ്രീ യാത്രയ്ക്കിടയിൽ ഞാൻ ഇരുന്ന സീറ്റിൽ ഇരുന്ന ആളായിരിക്കണം ബോട്ടിൻറെ എയർപോട് മറന്നു വച്ചിട്ട് പോയി. അത് ഞാൻ കണ്ടക്ടറെ ഏൽപ്പിച്ചു. സൗജന്യ യാത്രയ്ക്ക് വേണ്ടി അതടക്കം മറന്ന് വച്ചിട്ട് പോകുന്ന സ്ത്രീകളുണ്ട് എന്നതാണ്.
ഞാൻ ഒന്ന് ചോദിക്കട്ടെ.. എന്തിനാണ് ഇങ്ങനെ ഒരു സൗജന്യ യാത്ര? ഗർഭിണികൾ, ഭിന്നശേഷിക്കാർ, അന്തർക്കൊന്നും ഈ തിരക്കിൽ കയറാൻ പറ്റില്ല. ചികിത്സയ്ക്ക് പോകുന്ന എത്രയോ ആൾക്കാരുണ്ടാവും. നിങ്ങളിങ്ങനെ ഒരു ആവശ്യവും ഇല്ലാതെ ഞാനടക്കം വെറുതെ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ പ്രൈവറ്റ് ബസുകാരെ അത് ബാധിച്ചിട്ടുണ്ടാകും. സർക്കാരിനോടാണ്.. സൗജന്യ യാത്രകളൊക്കെ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അർഹതപ്പെട്ട എത്രയോ ആൾക്കാരുണ്ട്, ജെൻഡർ നോക്കേണ്ട ആവശ്യമൊന്നും ഇല്ല. സ്ത്രീകൾക്ക് എന്തിനാണ് ഒരു പ്രത്യേക പരിഗണന. എല്ലാ ജെൻഡറിലും കാൻസർ, ഡയാലിസിസ് ചെയ്യുന്നവരുണ്ട്. എൻഡോസൾഫാൻ ബാധിച്ച കുറേ പേരുണ്ട്, വൃദ്ധന്മാരുണ്ട്, അവർക്കൊക്കെ നിങ്ങൾ സൗജന്യ യാത്ര കൊടുക്കൂ.. അല്ലാതെ എന്താണിത് ? അർഹതപ്പെട്ടവർക്ക് കൊടുത്താൽ തെറ്റില്ല. ബസിൽ നിന്നും ഇടയ്ക്ക് ഇറങ്ങാനും പറ്റില്ല. അത്രയും ജനങ്ങളാണ് പ്രിയദർശിനിയിൽ. അഞ്ചാം ക്ലാസു മുതൽ കെഎസ്ആർടിസിയിൽ യാത്ര ചെയ്തൊരു വ്യക്തിയാണ് ഞാൻ. ഇത്രയും തിരക്ക് ഞാനിത് വരെ കണ്ടിട്ടില്ല. വെറുതെ പോയിട്ട് വരാം എന്ന നിലയിലായിരിക്കും ഈ യാത്ര. ഇത് മിസ് യൂസ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ആയിരം ആനയും അതിൻറെ തോട്ടിയും തരാമെന്ന് പറഞ്ഞാലും ഞാനില്ല ഇനി പ്രിയദർശിനിയിലേക്ക്.



