വിവിധ ആവശ്യങ്ങളുമായി കേരളത്തിലെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. മിനിമം ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസുകൾക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ ഉണ്ടാകുമെന്ന് ഉടമകളുടെ സംഘടനകൾ അറിയിച്ചു. ആറ് സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. അതേസമയം, ഈ പണിമുടക്ക് സമരത്തിൽ കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ പങ്കെടുത്തേക്കില്ല.
പ്രിയദർശിനി പദ്ധതിയിലൂടെ സ്വകാര്യ ബസുകൾക്ക് ഉണ്ടായ നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാർജ് മിനിമം 20 രൂപയാക്കണമെന്നും, കൺസഷൻ 10 രൂപയാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. നേരത്തെ, നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിരുന്നു. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും വരുമാനം ലഭിക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രക്ഷോഭ സമരങ്ങൾക്ക് രൂപം നൽകി. ഇതിന്റെ ഭാഗമായി ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി.
പ്രധാനപ്പെട്ട പല ആവശ്യങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകളും കുടുംബാംഗങ്ങളും 14 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നത് പ്രിയദർശിനി പദ്ധതി മൂലം ദുരിതം നേരിടുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ദൈനംദിന ചിലവ് വർദ്ധിക്കുന്നതിനസരിച്ച് വരുമാനം വർധിക്കുന്നതിന് വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർദ്ധിപ്പിക്കുക, ടൈമിങ്ങ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രം നടത്തണം എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കുക എന്നിവയാണ് പ്രധാനപ്പെട്ട ആവശ്യങ്ങൾ.



