സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; കോഴിക്കോട് പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു

സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട് എകരൂൽ സ്വദേശിയായ ഷിജുവിനെയാണ് (കോൺക്രീറ്റ് തൊഴിലാളി) പൂനൂർ പുഴയിൽ കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പൂനൂർ പുഴയിലെ കാവുള്ളപറമ്പ് കടവിലായിരുന്നു അപകടം.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ഷിജു പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഷിജു ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.
ഉടൻ തന്നെ നരിക്കുനി അഗ്നിരക്ഷാനിലയത്തിലെ ഓഫീസർ കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. നിലവിൽ ഫയർഫോഴ്സിനൊപ്പം നാട്ടുകാരും സിവിൽ ഡിഫൻസ് വോളന്റിയർമാരും ചേർന്ന് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തിവരികയാണ്.



