കാർ പോസ്റ്റിലിടിച്ചു, പിൻസീറ്റിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് മരിച്ചത്..

കാക്കനാട് ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ ദേവാനന്ദ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ റോഡിലൂടെ സുഹൃത്തുക്കളുമായി കാറിൽ യാത്ര ചെയ്യവേ കാറ് ലോഹനിർമ്മിത വൈദ്യുതി തൂണിൽ ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന ദേവാനന്ദ് ഡോർ തനിയെ തുറന്നതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണു. വീഴ്ചയിൽ തലയ്ക്ക് പറ്റിയ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെഎസ്എഫ്ഇ റിട്ട. മാനേജർ കുഞ്ഞുമോനാണ് (അംബു) പിതാവ്. മാതാവ്: ഷൈലജ (റിട്ട. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി). കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് കാവുങ്കലെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.



