മാവേലിക്കരയിൽ എം.ഡി.എം.എയുമായി കായംകുളം സ്വദേശികളായ യുവാക്കൾ പിടിയിൽ….

മാവേലിക്കര- എം.ഡി.എം.എയുമായി യുവാക്കളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4 മണിയോടെ തട്ടാരമ്പലം ജംഗ്ഷനിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര സി.ഐ സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിൻതുടർന്ന് പിടിക്കുകയായിരുന്നു.
കായംകുളം ചേരാവള്ളി സ്വദേശി ഷർഫാസ് (20), കൃഷ്ണപുരം മാമ്പ്രകന്നേൽ സ്വദേശി മനു (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2 പൊതികളിലായി സൂക്ഷിച്ചിരുന്ന 4.38 ഗ്രാം എം.ഡി.എം.ഐ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. മനു ഇതിനുമുമ്പും ലഹരി കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സി.ഐയോടൊപ്പം എസ്.ഐമാരായ സിയാദ്, രാജീവ്, പൊലീസുകാരായ മനേഷ്, മിഥുൻ, കാർത്തിക്, അഖിൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.



