അര്‍ദ്ധരാത്രി വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി കടന്നുകളയുന്ന അജ്ഞാതന്‍…. ഉറക്കം നഷ്ടപ്പെട്ട് ഒരു നാട്….സംഭവം നടക്കുന്നത്…

അര്‍ദ്ധരാത്രി വീടുകളില്‍ എത്തി വാതിലില്‍ ഉറക്കെ തട്ടി ശബ്ദമുണ്ടാക്കി കടന്നുകളയുന്ന അജ്ഞാതന്‍ കാരണം ഉറക്കം നഷ്ടപ്പെട്ട് ഒരു നാട്. കോഴിക്കോട് പേരാമ്പ്രയില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടിയിലാണ് അജ്ഞാതന്റെ പ്രവൃത്തി കാരണം ഒരു നാടിന്റെ ഉറക്കം നഷ്ടമായിരിക്കുന്നത്. രണ്ടാഴ്ചയായി ഇവിടെ വീടുകള്‍ മാറി മാറി കയറി അജ്ഞാതന്‍ വാതിലില്‍ മുട്ടല്‍ തുടരുകയാണ്. ഒരാളാണോ അതോ ഒന്നിലധികം പേര്‍ ഇതിന് പിറകില്‍ ഉണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.

ഇതിന് പിന്നിലുള്ളവരെ പിടികൂടാന്‍ നാട്ടുകാര്‍ സംഘടിതമായി പലയിടങ്ങളിലായി കാവല്‍ നിന്നിട്ടും കാര്യമുണ്ടായില്ല. ഒരു വീടിന്റെ വാതിലില്‍ മുട്ടി അവിടെ നിന്ന് ഓടി അപ്രത്യക്ഷനാകുന്ന കറുത്ത വേഷം ധരിച്ച ഇയാള്‍ അല്‍പ നേരത്തിന് ശേഷം കുറച്ച് അകലെയുള്ള മറ്റൊരു വീട്ടില്‍ എത്തി വാതിലിൽ മുട്ടി. എവിടെയും കളവു നടത്തുകയോ ആരെയെങ്കിലും ആക്രമിക്കുകയോ ചെയ്തിട്ടില്ല. പേരാമ്പ്ര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാത്രി പ്രദേശത്ത് പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം തന്നെ പല വീടുകളിലും മുട്ടി ഇയാള്‍ അപ്രത്യക്ഷനായതായാണ് വിവരം.

Related Articles

Back to top button