മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിലേക്ക്… വിദേശത്തുള്ള എംപിമാരോട് മടങ്ങിയെത്താൻ

ദില്ലി: മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിയെത്താൻ നിർദേശം നൽകി ഇന്ത്യാ സഖ്യ നേതൃത്വം. നാളെ രാവിലെ പത്ത് മണിയോടെ മുഴുവൻ എംപിമാരും ദില്ലിയിൽ എത്തണമെന്നാണ് നിർദേശം. നിലവിൽ യുഎഇയിലുള്ള കെ. സുധാകരനോടും മടങ്ങിയെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചികിത്സാർത്ഥം വിദേശത്തുപോയ സുധാകരൻ യാത്ര റദ്ദാക്കി തിരിച്ചെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ഡിഎംകെയുടെ ആവശ്യങ്ങൾ ഭരണകക്ഷി അംഗീകരിച്ചതായാണ് വിവരം. നിലപാട് പുനഃപരിശോധിക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ അഭ്യർത്ഥന ഡിഎംകെ തള്ളിയതായും സൂചനയുണ്ട്. ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുത്ത് ബില്ലിനെ പിന്തുണയ്ക്കുമെന്ന് ശരദ് പവാർ വിഭാഗം അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. അതിർത്തി പുനർനിർണയത്തിനുള്ള വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിവയാണ് പരിഗണനയ്ക്ക് വരുന്നത്. 15 വർഷത്തേക്കാണ് വനിതാ സംവരണം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുന്നതിനാൽ ജനസംഖ്യാനുപാതം കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുന്ന തരത്തിലുള്ള മാറ്റം ഒഴിവാകുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് 50 ശതമാനം വർധന ബാധകമാകില്ല. എന്നാൽ നാഗാലാൻഡ്, മിസോറം തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിൽ ഈ വർധന ബാധകമാകും. ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്താനാണ് നീക്കമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ രാജ്യസഭയിലെ മാറ്റങ്ങളെക്കുറിച്ചോ കേന്ദ്ര, സംസ്ഥാന മന്ത്രിസഭകളിലെ പ്രതിനിധ്യത്തെക്കുറിച്ചോ ബില്ലിൽ വ്യക്തതയില്ലെന്നാണ് വിമർശനം. ബില്ലിന്മേലുള്ള ചർച്ച ഇരുസഭകളിലും 12 മണിക്കൂർ വരെ നീളാനാണ് സാധ്യത. വോട്ടെടുപ്പിനായി അഞ്ച് മണിക്കൂർ വരെ മാറ്റിവച്ചേക്കും. കൂടാതെ ബില്ലിന്മേൽ സംസ്ഥാനങ്ങളുടെ നിലപാടും തേടും.



