വമ്പൻ പ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ… 3 ഗ്യാസ് സിലിണ്ടർ…

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട പദ്ധതികളുമായി തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുന്നതുൾപ്പെടെ മൂന്ന് പ്രധാന പ്രഖ്യാപനങ്ങളാണ് സർക്കാർ ഇന്ന് നടത്തിയത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുക. പദ്ധതി അടുത്ത പൊങ്കൽ മുതൽ ആരംഭിക്കും.
സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘വെട്രി പയണം’ കൂടുതൽ ബസ് സർവീസുകളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ പ്രത്യേക ബസുകളിൽ മാത്രമായിരുന്ന സൗജന്യ യാത്ര ഇനി ഡീലക്സ്, എക്സ്പ്രസ് ബസുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒക്ടോബർ രണ്ടിന് വിപുലീകരിച്ച പദ്ധതി ആരംഭിക്കും. ഇതിനുപുറമെ പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ നടക്കുന്നതിനാൽ പിന്നീട് പ്രതിപക്ഷം സഭയിലെത്തുകയായിരുന്നു.



