ബീഫ് ലിവറും ചിക്കൻ 65-ഉം കഴിച്ച് കുഞ്ഞുങ്ങൾ അടക്കം അവശരായി.. പിന്നാലെ…

തിരൂരിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിറ്റ ഹൈപ്പർമാർക്കറ്റിന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ പിഴ. ഉപഭോക്താവിന് നഷ്ടപരിഹാരമായി 60,000 രൂപ നൽകാനാണ് ഉത്തരവ്. തിരൂർ പൂങ്ങോട്ടുകുളത്ത് പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റിനെതിരെ ഏഴൂർ കുടുക്കയിൽ ഫാത്തിമ നൽകിയ പരാതിയിലാണ് നടപടി.

2025 മാർച്ചിലാണ് പരാതിക്കാരി ഹൈപ്പർ മാർക്കറ്റിൽനിന്ന് ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 എന്നിവ വാങ്ങിയത്. എന്നാൽ ഇതു കഴിച്ചതിനു പിന്നാലെ ഇവർക്കും ഭർത്താവിനും 10, 8 വയസ്സുള്ള കുട്ടികൾക്കും കഠിനമായ വയറുവേദനയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിത്സ തേടി. ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യവകുപ്പിനും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു.

ഗുരുതരമായ സേവന വീഴ്ചയാണെന്ന് കണ്ടെത്തിയ കമ്മിഷൻ പരാതിക്കാരിക്കുണ്ടായ മാനസിക വിഷമത്തിനും നഷ്ടങ്ങൾക്കുമായി 50,000 രൂപയും കോടതിച്ചെലവിനായി 10,000 രൂപയും നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. 45 ദിവസത്തിനകം തുക നൽകണം. പരാതിക്കാരിക്കു വേണ്ടി അഭിഭാഷകൻ കെ.കെ.നവാസ് അഹമ്മദ് ഹാജരായി.

Related Articles

Back to top button