‘അനീതിയുടെ രാജാവ്’; യൂറോപ്യൻ പാർലമെന്റിന് മുന്നിൽ ട്രംപിന്റെ സ്വർണം പൂശിയ നഗ്നപ്രതിമ!

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വിചിത്രമായ പ്രതിഷേധവുമായി ഡാനിഷ് കലാകാരൻ ജെൻസ് ഗൽഷിയോ. ഫ്രാൻസിലെ സ്ട്രാസ്ബൂർ യൂറോപ്യൻ പാർലമെന്റിന് മുന്നിലാണ് ട്രംപിന്റെ നഗ്നപ്രതിമ അനാച്ഛാദനം ചെയ്തത്. ‘ദ് ഓറഞ്ച് പ്ലേഗ്’ (The Orange Plague) എന്ന് പേരിട്ടിരിക്കുന്ന ഈ എട്ടടി ഉയരമുള്ള പ്രതിമയ്ക്ക് 23 കാരറ്റ് സ്വർണത്തിന്റെ തിളക്കമുണ്ട്. ഒരു കയ്യിൽ ഗോൾഫ് ക്ലബ്ബും മറുകയ്യിൽ നീതിയുടെ തുലാസും പിടിച്ചുനിൽക്കുന്ന രൂപത്തിലാണ് ശില്പം നിർമിച്ചിരിക്കുന്നത്. ഇതിന് കീഴിൽ ലോകത്തിന്റെ ആകൃതിയിലുള്ള ഒരു പന്തുമുണ്ട്.

ഒരു ചെറിയ മനുഷ്യന്റെ തോളത്തേറി ട്രംപ് നിൽക്കുന്ന പ്രതിമയ്ക്ക് ‘അനീതിയുടെ രാജാവ്’ എന്ന പരിഹാസരൂപേണയുള്ള ടൈറ്റിലും നൽകിയിട്ടുണ്ട്. ‘ഞാൻ ഒരു മനുഷ്യന്റെ ചുമലിൽ ഇരിക്കുന്നു. എന്റെ ഭാരം കാരണം ഇയാൾ വീഴാറായി. അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും.’–എന്നും പ്രതിമയ്ക്ക് താഴെ എഴുതിയിട്ടുണ്ട്.

രാഷ്ട്രീയത്തെ കലയിലൂടെ വിമർശിക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ് ജെൻസ് ഗൽഷിയോ. ട്രംപിന്റെ വിദേശ, ഹരിത നയങ്ങളോടുള്ള എതിർപ്പാണ് ഗൽഷിയോ ശിൽപത്തിലൂടെ പറഞ്ഞിട്ടുള്ളത്. ലോകക്രമത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കുമുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഡോണൾഡ് ട്രംപെന്ന് ഗൽഷിയോ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Back to top button