കിഫ്ബിയിൽ പിടിമുറുക്കാൻ യുഡിഎഫ് സർക്കാർ… പ്രവർത്തന ഘടന മാറ്റും, വിരമിച്ചവരുടെ പുനർനിയമനം റദ്ദാക്കും

തിരുവനന്തപുരം: മുൻ പിണറായി സർക്കാരിന്റെ പ്രമുഖ പദ്ധതിയായിരുന്ന കിഫ്ബിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി പുതിയ യുഡിഎഫ് സർക്കാർ. കിഫ്ബിയിലെ നിയമനങ്ങളിൽ സമഗ്രമായ പരിശോധന നടത്താനും പ്രവർത്തന ഘടന പൂർണ്ണമായി പുനഃപരിശോധിക്കാനും സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കിഫ്ബിയിൽ വിരമിച്ച ഉദ്യോഗസ്ഥരെ തിരുകിക്കയറ്റി നടത്തിയ പുനർനിയമനങ്ങളെല്ലാം റദ്ദാക്കും.

കിഫ്ബി പൂർണ്ണമായി നിർത്തലാക്കില്ലെങ്കിലും കഴിഞ്ഞ പത്ത് വർഷം പ്രവർത്തിച്ചതുപോലെ ഇനി സ്വതന്ത്രമായി വിടില്ലെന്നാണ് യുഡിഎഫ് സർക്കാർ വ്യക്തമാക്കുന്നത്. കിഫ്ബിയെ ഇനി മുതൽ ധനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും. കിഫ്ബിയുടെ എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിഞ്ഞുമാത്രമേ ഇനി നടപ്പിലാക്കൂ. കിഫ്ബിയെ എങ്ങനെ മാറ്റണമെന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതിയേയും സർക്കാർ ചുമതലപ്പെടുത്തും. കിഫ്ബി നേരിട്ട് നിയമിച്ച 400 കരാർ ജീവനക്കാരുടെ കാര്യത്തിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ടെക്നിക്കൽ റിസോഴ്സ് സെന്ററിലുള്ള 180 പേരുൾപ്പെടെയുള്ളവരിൽ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് സർക്കാരിന്റെ തീരുമാനം.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേക്ക് കിഫ്ബി ധനസമാഹരണം നടത്തുന്നതിനോട് പുതിയ യുഡിഎഫ് സർക്കാരിന് യോജിപ്പില്ല. കിഫ്ബിയുടെ കടം സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. അടുത്ത 5 വർഷം കൊണ്ട് 16,600 കോടി രൂപയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത്. മൂവായിരം കോടിയിലധികം രൂപയാണ് കിഫ്ബിക്ക് മോട്ടോർ വാഹന നികുതി വിഹിതമായി സർക്കാർ നൽകിയിട്ടുള്ളത്. വരുമാനമുണ്ടാക്കുന്ന പദ്ധതികൾ മാത്രം ഇനി മുതൽ കിഫ്ബി വഴി നടപ്പാക്കിയാൽ മതിയെന്നാണ് സർക്കാരിന്റെ ആലോചന. മുൻ പിണറായി സർക്കാരിന്റെ പരസ്യങ്ങൾക്കായി കിഫ്ബിയുടെ പണം വകമാറ്റി ഉപയോഗിച്ചതിനെതിരെ യുഡിഎഫ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിനാൽ കിഫ്ബിയിലെ കഴിഞ്ഞകാല സാമ്പത്തിക ഇടപാടുകളിലും സമഗ്രമായ പരിശോധന ഉണ്ടാകുമെന്ന നിലപാടിലാണ് മുന്നണി.

Related Articles

Back to top button