ചാലിയാറ്റിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ പോത്തിന്റെ ജഡം…. ക്രൂരതയ്‌ക്കെതിരെ കൊടിയത്തൂരിൽ വ്യാപക പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ മിണ്ടാപ്രാണിയോട് കാട്ടിയ കൊടും ക്രൂരത. കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ പോത്തിന്റെ ജഡം പുഴയിൽ നിന്നും കണ്ടെത്തി. കൊടിയത്തൂർ ചെറുവാടിയിലെ ചാലിയാറിലാണ് പോത്തിന്റെ ജഡം കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ ക്രൂരതയ്‌ക്കെതിരെ പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവും ഉയരുകയാണ്.

കൊടിയത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന ചെറുവാടി ഭാഗത്തെ പുഴയിലാണ് ജഡം പകുതി താഴ്ന്ന നിലയിൽ കണ്ടെത്തിയത്. പോത്തിനെ ജീവനോടെ പുഴയിൽ കെട്ടിത്താഴ്ത്തി കൊലപ്പെടുത്തിയതാണോ, അതോ ചത്തതിന് ശേഷം പുഴയിൽ തള്ളിയതാണോ എന്ന കാര്യം വ്യക്തമല്ല. പുഴയിൽ ജഡം കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ട വാർഡ് അംഗം കസ്നയുടെ നേതൃത്വത്തിൽ ഉടൻ തന്നെ പോലീസിനെയും മറ്റ് ജനപ്രതിനിധികളെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പുഴയിൽ പകുതിയോളം താഴ്ന്ന നിലയിലായിരുന്ന ജഡം നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ചാണ് മുകളിലേക്ക് ഉയർത്തിയത്. തുടർന്ന് പുഴയ്ക്ക് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ തന്നെ ജഡം സുരക്ഷിതമായി സംസ്കരിച്ചു. സംഭവത്തിൽ അസ്വാഭാവികതയുള്ളതിനാൽ പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുഴ മലിനമാക്കുന്ന രീതിയിലും മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന രീതിയിലും ജഡം പുഴയിൽ തള്ളിയ സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Back to top button