കാപ്പി കുടിക്കുന്ന ശീലമുള്ളവർ വരുത്തുന്ന വലിയ തെറ്റ്! അവസാനത്തെ കാപ്പി കുടിക്കേണ്ട സമയം ഇതാണ്…

നമ്മളിൽ പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു ഗ്ലാസ് കാപ്പിയോ ചായയോ ഒക്കെ കുടിച്ചുകൊണ്ടായിരിക്കും അല്ലേ? പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് പ്രതിദിനം മൂന്നോ നാലോ കപ്പ് കാപ്പിവരെ (coffee) കുടിക്കുന്നത്തിൽ പ്രശ്‌നമില്ലെന്നാണ് ചില പഠനങ്ങൾ പറയുന്നത്, എന്നാൽ കാപ്പി കുടിക്കുന്ന ശീലമുള്ള പലരും ചെയ്യുന്ന ഒരു അബദ്ധമുണ്ട്. എന്താണെന്നല്ലേ? ഉച്ചകഴിഞ്ഞും, വൈകിയും കാപ്പി കുടിക്കുന്നതാണത് ഇപ്പറഞ്ഞ അബദ്ധം. ആരോഗ്യവാന്മാരായ മുതിർന്നവർ ഉറങ്ങുന്നതിന് കുറഞ്ഞത് 6-8 മണിക്കൂർ മുമ്പെങ്കിലും കാപ്പി കുടി നിർത്തുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം കഫീൻ ശരീരത്തിൽ മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ ഉച്ചകഴിഞ്ഞുള്ള ഒരു കപ്പ് കാപ്പി ഉറക്കത്തിന് തടസമുണ്ടാക്കാനിടയാകുകയോ, ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയോ ചെയ്യും. കഫീനോട് സംവേദനക്ഷമതയുള്ളവരിൽ ഈ പ്രശനങ്ങൾ കൂടുതലായും കണ്ടുവരുന്നു.

നിങ്ങൾ രാത്രി പതിവായി 10 മണിക്ക് ഉറങ്ങാൻ പോകുന്ന ഒരാളാണെങ്കിൽ ഉച്ചകഴിഞ്ഞ് 2-4 മണിക്ക് ശേഷം കാപ്പി ഒഴിവാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. നേരത്തെയുള്ള സമയം കാപ്പിക്കായി തിരഞ്ഞെടുക്കാൻ ശ്രമിക്കാം. വൈകീട്ടത്തേക്ക് കഫീൻ ഇല്ലാത്ത പാനീയങ്ങൾ കുടിക്കുന്നതാകും ഉത്തമം.

ഇതുപോലെത്തന്നെ പല ആളുകൾക്കുമുള്ള ഒരു സംശയമാണ് വെറും വയറ്റിൽ ബ്ലാക്ക് കോഫി കുടിക്കാമോ എന്നത്. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് മൂലം ചിലരിൽ അസിഡിറ്റിയോ വയറ്റിൽ പ്രശ്നങ്ങളോ വരാനുള്ള സാധ്യതയുണ്ട്. കാപ്പിക്ക് വയറ്റിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കാനാവും. ഇത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് എന്നിവയുള്ളവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കും. എന്നാൽ ഈ പ്രശ്‌നം എല്ലവർക്കും ഉണ്ടാകണമെന്നുമില്ല.

ആരോഗ്യവാന്മാരായ വ്യക്തികൾക്ക് മിതമായ അളവിൽ കാപ്പി കുടിക്കുന്നതിലൂടെ ദീർഘകാല കുടൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.മിക്ക ആരോഗ്യവാന്മാരായ മുതിർന്നവർക്കും, പ്രതിദിനം 400 മി.ഗ്രാം വരെ കഫീൻ കഴിക്കുന്നത് സുരക്ഷിതമായി കണക്കാക്കുന്നു. ഇത് ഏകദേശം 3-4 കപ്പ് കാപ്പിക്ക് തുല്യമാണ്, എന്നിരുന്നാലും കഫീൻ അളവ്, തരം എന്നിവയനുസരിച്ച് വ്യത്യാസമുണ്ടാകാം. ഈ പരിധിക്ക് മുകളിൽ പോകുന്നത് ഉത്കണ്ഠ, ഹൃദയമിടിപ്പ് കൂടുക, ഉറക്ക പ്രശ്നങ്ങൾ അല്ലെങ്കിൽ ദഹന സംബന്ധമായ അസ്വസ്ഥത എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കും.
കാപ്പി അസ്വസ്ഥത, ഓക്കാനം അല്ലെങ്കിൽ വേദന എന്നിവയ്ക്ക് കാരണമാകുകയാണെങ്കിൽ, ലഘുവായ ഭക്ഷണം കഴിച്ച ശേഷം കുടിക്കാൻ ശ്രമിക്കുക.

Related Articles

Back to top button