“അദ്ദേഹം എന്ത് ചെയ്തില്ല എന്നാണ് ചോദിക്കേണ്ടത്”….. പിണറായി വിജയനെ പിന്തുണച്ച് നൂറ മുസ്കാൻ…. വീഡിയോ വൈറൽ

കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കും അദ്ദേഹത്തിന്റെ ഭരണത്തെ വിമർശിക്കുന്നവർക്കും മറുപടിയുമായി ബിഗ് ബോസ് താരം നൂറ മുസ്കാൻ. “കമ്മ്യൂണിസം ആകാം, പക്ഷേ അടിമകളാകരുത്” എന്ന സോഷ്യൽ മീഡിയ കമന്റിന് മറുപടി നൽകവേയാണ് നൂറ തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തനങ്ങൾ മാത്രം മതി അദ്ദേഹത്തിന്റെ ആരാധകയാകാൻ എന്ന് നൂറ പറഞ്ഞു. താൻ അടിമയാകണോ വേണ്ടയോ എന്നത് തന്റെ മാത്രം കാര്യമാണെന്നും അതിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും താരം തുറന്നടിച്ചു. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വികസനമാണ് പിണറായി സർക്കാർ കൊണ്ടുവന്നതെന്ന് നൂറ അവകാശപ്പെട്ടു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹം നൽകിയ നേതൃത്വത്തെയും നൂറ പ്രശംസിച്ചു.
“പിണറായി വിജയൻ എന്ത് ചെയ്തു എന്ന് ചോദിക്കുന്നവർ നന്ദിയില്ലാത്തവരാണ്. ചെയ്ത കാര്യങ്ങൾ ഓരോന്നായി എടുത്തു പറയേണ്ടതില്ല, അവയെല്ലാം നമ്മുടെ മുന്നിലുണ്ട്” – നൂറ വീഡിയോയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടതുപക്ഷ ക്യാമ്പുകളിൽ നിന്നുപോലും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പിണറായി വിജയനെ പിന്തുണച്ച് നൂറ മുസ്കാൻ രംഗത്തെത്തിയിരിക്കുന്നത്.



