‘അബ്ദുല്‍ റഹീമിൻ്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുക എന്ത് ചെയ്തു…കണക്ക് അവതരിപ്പിക്കാത്തതില്‍ വിമര്‍ശനം….

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങില്‍ കണക്ക് അവതരിപ്പിക്കാത്തതില്‍ കടുത്ത വിമര്‍ശനം. പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് വിമര്‍ശനം ഉയര്‍ന്നത്. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിച്ചില്ലെന്നാണ് ആരോപണം. മോചന ദ്രവ്യം നല്‍കിയതിന് ശേഷമുള്ളത് പത്ത് കോടി രൂപയാണ്. ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. അതേസമയം അധികമായി പിരിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിയമസഹായ സമിതി പറയുന്നത്.
ഇക്കഴിഞ്ഞ മെയ് 28നായിരുന്നു അബ്ദുല്‍ റഹീം നാട്ടിലെത്തിയത്. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിച്ചില്ലെന്നാണ് വിമര്‍ശനം. കണക്ക് പറഞ്ഞ് സംശയങ്ങള്‍ ദുരീകരിക്കണമെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പണത്തിന്റെ കണക്ക് പറയേണ്ടത് നിയമസഹായ സമിതിയാണെന്നാണ് റഹീമിന്റെ കുടുംബം പറയുന്നത്. ക്രൗഡ് ഫണ്ടിങ്ങുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പണത്തില്‍ ഒരു അവകാശവും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.



