മമത രാജിവച്ചില്ല; പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിട്ടു

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിട്ടു. ഗവർണർ ആർഎൻ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതേസമയം, ബിജെപിയുടെ നിയമസഭാ കക്ഷി യോഗം നാളെ ചേരും. സുവേന്ദു അധികാരിയെ നേതാവായി തിരഞ്ഞെടുക്കും.ഉത്തരവ് പുറത്തിറങ്ങിയതോടെ മമത ബാനർജിയും മറ്റ് എംഎൽഎമാരും മുൻ എംഎൽഎമാരായി തുടരും. തിരഞ്ഞെടുപ്പു കമ്മിഷന്റെ വൃത്തികെട്ട കളിയാണ് ബംഗാൾ തിരഞ്ഞെടുപ്പിൽ നടന്നതെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. രാജി നൽകാൻ ലോക്ഭവനിൽ പോകില്ല. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അവർ തീരുമാനമെടുക്കട്ടെയെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഗവർണറുടെ നടപടി.
നാലാം തവണയും അധികാരം ലക്ഷ്യമിട്ടിറങ്ങിയ മമതയ്ക്ക് ഇക്കുറി ദയനീയ പരാജയമാണ് ഉണ്ടായത്. സിറ്റിങ് മണ്ഡലമായ ഭവാനിപൂരിൽ മമത ബാനർജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. 207 സീറ്റ് നേടിയാണ് ബിജെപി ഇക്കുറി ചരിത്ര വിജയം നേടിയത്. 80 സീറ്റാണ് തൃണമൂൽ നേടിയത്. കോൺഗ്രസ് രണ്ടും സിപിഎം ഒരു സീറ്റും നേടി



