‘കുമാരനാശാനെ ആരും അങ്ങനെ വിളിച്ചിട്ടില്ല; എന്നെ മാത്രം വിളിക്കുന്നു; നാവടക്കാമെന്ന് ആരും കരുതേണ്ട’

ജാതി വിവേചനം അവസാനിക്കുന്നത് വരെ സമുദായത്തിന്റെ ഉന്നമനത്തിനായി ജാതി പറയുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇക്കാരണത്തിന് കുമാരനാശാനെ പോലും ഗുരുദേവൻ തിരുത്തിയിട്ടില്ല. പദ്മഭൂഷൺ പുരസ്‌കാരം ലഭിച്ചതിന് എസ്.എൻ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ പത്ത് എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും നേതൃത്വത്തിൽ കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീമൂലം പ്രജാസഭയിൽ ‘ഈഴവർ’ നേരിടുന്ന അവഗണന ശക്തമായി പറഞ്ഞ കുമാരനാശാനെ ആരും വർഗീയവാദി എന്ന് പറഞ്ഞിട്ടില്ല. ജാതി വിവേചനത്തിനെതിരെ മലയാളി മെമ്മോറിയൽ നൽകിയവരെ ജാതിവാദികളെന്ന് വിളിച്ചിട്ടില്ല. പിന്നീട് ഈഴവ മെമ്മോറിയൽ നൽകിയ ഡോ. പല്പുവിനെ വർഗീയവാദിയെന്ന് വിളിച്ചിട്ടില്ല. നിവർത്തന പ്രക്ഷോഭം നയിച്ചവരെയും അങ്ങനെ വിളിച്ചിട്ടില്ല. പക്ഷെ ഈഴവർ നേരിടുന്ന അവഗണന വിളിച്ചുപറയുന്ന തന്നെ മാത്രം ജാതിവാദിയെന്ന് വിളിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറം ജില്ലയിൽ ഈഴവർക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നൽകിയില്ലെന്ന് പറഞ്ഞപ്പോൾ തന്നെ മുസ്ലീം വിരോധിയാക്കി ചിത്രീകരിച്ചു. ജാതി വിവേചനത്തിൽ നിന്നാണ് ജാതിചിന്ത ഉണ്ടാകുന്നത്. മറ്റുള്ളവർ ജാതിയും മതവും പറയുമ്പോൾ അത് നീതി. താൻ ജാതി പറയുമ്പോൾ മാത്രം വർഗീയതയായി ചിത്രീകരിക്കുന്നു. തന്റെ നാവടക്കാമെന്ന് ആരും കരുതേണ്ട. ഗുരുദർശനം പ്രാവർത്തികമാക്കാനാണ് താൻ ശ്രമിക്കുന്നത്. ജീവനുള്ള കാലമത്രയും ഇതിനായി പ്രവർത്തിക്കും. പാവങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയുള്ള പോരാട്ടം തുടരുകയും ചെയ്യും. എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ നടക്കുന്ന നീക്കങ്ങളിൽ തളരില്ല. ചില്ലിക്കാശ് പോലും സമുദായത്തിന് നൽകാത്തവരാണ് തന്നെ എതിർക്കുന്നത്. യോഗം ലക്ഷണക്കിന് രൂപ ചികിത്സാ സഹായമായും വിദ്യാഭ്യാസ സഹായമായും പാവങ്ങൾക്ക് നൽകുന്നുണ്ട്. കൊല്ലം ജില്ലയിൽ മാത്രം നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി. സമുദായം നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ നാം വോട്ട് ബാങ്കായി മാറണം.

Related Articles

Back to top button