വാഹന മോഡിഫിക്കേഷനുകൾക്കെതിരായ പരിശോധനകൾ ശക്തം; 44 ദിവസത്തിനിടെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് പിഴചുമത്തിയത് ഒരുകോടി രൂപ

വാഹന മോഡിഫിക്കേഷനുകൾക്കെതിരായ പരിശോധനകൾ സംസ്ഥാനത്ത് ശക്തമാക്കി വി.ഡി. സതീശൻ സർക്കാർ. കഴിഞ്ഞ 44 ദിവസത്തിനിടെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടത്തിയ നടപടികളിലൂടെ ഒരു കോടി രൂപയുടെ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയത്. മെയ് മാസത്തിൽ മാത്രം 1,528 വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതുവഴി 86.35 ലക്ഷം രൂപ പിഴയായി ചുമത്തിയപ്പോൾ, അതിൽ 14.85 ലക്ഷം രൂപ ഇതിനകം ഈടാക്കി. ശേഷിക്കുന്ന 71.50 ലക്ഷം രൂപ പിരിച്ചെടുക്കാനുണ്ട്. ജൂൺ മാസത്തിൽ ഇതുവരെ 480 കേസുകളിലായി 14 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

വാഹനങ്ങളിൽ അനധികൃത മോഡിഫിക്കേഷനുകൾ നടത്തിയാലും നടപടികളിൽ നിന്ന് രക്ഷപ്പെടാമെന്ന ധാരണ വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കിയത്. അധികാരമേറ്റതിന് പിന്നാലെ വാഹനപ്രേമികളുടെ ആശങ്കകൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നെങ്കിലും, ഗതാഗത കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ച പല മാറ്റങ്ങളും നേരത്തേ തന്നെ നിയമപരമായി അനുവദനീയമായവയാണെന്ന് വ്യക്തമായി.

അനുമതിയില്ലാതെ ഉപയോഗിക്കാവുന്ന മാറ്റങ്ങളിൽ സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ക്രോം ഗാർണിഷുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവ ഉൾപ്പെടുന്നു. അശ്ലീലമല്ലാത്ത സ്റ്റിക്കറുകൾ പതിക്കാനും, ഇന്റീരിയർ ആംബിയന്റ് ലൈറ്റുകൾ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റങ്ങൾ, അധിക സ്പീക്കറുകൾ എന്നിവ ഘടിപ്പിക്കാനും തടസമില്ല.

അതേസമയം, ഡാഷ് ക്യാമറ, റിവേഴ്‌സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് ട്രാക്കറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനങ്ങൾ, ടൗ ഹുക്കുകൾ, റൂഫ് കാരിയറുകൾ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സൺ ഫിലിമുകൾ എന്നിവയും അനുവദനീയമാണ്.

എന്നാൽ വാഹനത്തിന്റെ നിറം മാറ്റുക, പുതിയ എഞ്ചിൻ ഘടിപ്പിക്കുക, എൽപിജി/സിഎൻജി കിറ്റുകൾ സ്ഥാപിക്കുക, സാധാരണ വാഹനത്തെ ഇലക്ട്രിക് വാഹനമാക്കി മാറ്റുക, ചേസിസ് ഫ്രെയിമിൽ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണ്. ഇത്തരം മാറ്റങ്ങൾ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തേണ്ടതാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Related Articles

Back to top button