ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വഴി തെളിക്കുന്ന കരടു കരാര്‍ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാറില്‍ വെര്‍ച്വലായി ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ലോകത്തെ ഇന്ധപ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട, 107 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനാണ് അവസാനമാകുന്നത്.
ജനീവയിൽ പ്രധാന മധ്യസ്ഥരായ പാകിസ്ഥാന്റെ ആതിഥേയത്വത്തിൽ വെള്ളിയാഴ്ച കരാറിൽ ഔദ്യോഗിക ഒപ്പിടൽച്ചടങ്ങ് നടക്കും. ഏപ്രിൽ എട്ടിന് പ്രാബല്യത്തിലായ താത്കാലിക വെടിനിർത്തൽ 60 ദിവസത്തേക്കുകൂടി നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഇറാൻ മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥയായ ലെബനനിലെ വെടിനിർത്തലും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആഗോളചരക്കുനീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്നും പാത ടോൾരഹിതമാകുമെന്നും ട്രംപ് അറിയിച്ചു. യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള വാണിജ്യക്കപ്പലുകളുടെ ഗതാഗതം തടയുന്നതിനായി ഹോർമുസിൽ ഏപ്രിൽ 13 മുതൽ യു എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.




