പേരാമ്പ്രയിൽ തിരഞ്ഞെടുപ്പ് അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ്…. താൻ എത്തുമ്പോൾ സ്ട്രോങ്ങ് റൂം തുറന്നിരുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോംപ്ലക്‌സിലെ മുറി തുറന്നതിനെച്ചൊല്ലി വൻ വിവാദം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ തുറന്നത് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമല്ലെന്നും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച ‘മെറ്റീരിയൽ റൂം’ ആണെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “രാവിലെ 8 മണിക്ക് റിട്ടേണിംഗ് ഓഫീസർ വിളിച്ച് 9 മണിക്ക് എത്താൻ ആവശ്യപ്പെട്ടു. 11 മണിക്ക് എന്റെ പ്രതിനിധി എത്തിയപ്പോഴേക്കും മുറി തുറന്നിരുന്നു. റൂം തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള മെയിൽ ലഭിക്കുന്നത് പോലും വൈകിയാണ്. തുറന്ന മുറിയുടെ മുന്നിൽ സ്ട്രോങ്ങ് റൂം എന്ന് എഴുതി വെച്ചിരുന്നു,” ഫാത്തിമ തെഹ്ലിയ പറഞ്ഞു.

സംഭവം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് എം.കെ. രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ ആരോപിച്ചു. അതീവ സുരക്ഷാ മേഖലയിൽ രാഷ്ട്രീയ പാർട്ടികളെ കൃത്യമായി അറിയിക്കാതെ മുറി തുറന്നതിൽ ദുരൂഹതയുണ്ടെന്നും യുഡിഎഫ് നേതൃത്വം ആവർത്തിച്ചു.

വിവാദമായത് സ്ട്രോങ്ങ് റൂമല്ലെന്ന് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗുമായി ബന്ധപ്പെട്ട രേഖകളും മറ്റ് സാമഗ്രികളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നത്. നടപടിക്രമങ്ങൾ പാലിച്ചാണ് റൂം തുറന്നതെന്നും ഏജന്റിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. യുഡിഎഫ് പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Articles

Back to top button