കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി…. അനോഷ് കണ്ണ് തുറന്നു

തൃശൂർ: കൊടകരയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തു വയസ്സുകാരൻ അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അപ്പോളോ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന അനോഷ് ഇന്ന് കണ്ണുതുറന്നതായി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അനോഷിന്റെ സഹോദരൻ എട്ടു വയസ്സുകാരൻ ആൽജോ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
ആൽജോയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പാമ്പിൻ വിഷം ഉള്ളിൽ ചെന്നത് തന്നെയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഉറക്കത്തിനിടയിലാണ് കുട്ടികൾക്ക് പാമ്പുകടിയേറ്റത്. ആൽജോയുടെ വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തിന്, വെന്റിലേറ്ററിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് മാത്രമാണ് ഇപ്പോൾ ഏക ആശ്വാസം. അനോഷ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണെന്നും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.



