നടന്നത് കടുത്ത മത്സരം; കൊടുങ്ങലൂരിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഒ.ജെ ജനീഷിന് മിന്നും ജയം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഒ.ജെ ജനീഷിന് വമ്പിച്ച വിജയം.
8308 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ജനീഷ് മിന്നും വിജയം കരസ്ഥമാക്കിയത്. ആകെ 65162 വോട്ടുകളാണ് ജെനീഷ് നേടിയത്.
കൊടുങ്ങല്ലൂരിൽ കടുത്ത മത്സരമായിരുന്നു ഇക്കുറി.

പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി വി. ആർ സുനിൽകുമാർ 56854 വോട്ടുകളും, ട്വന്റി- 20 സ്ഥാനാർഥി വർഗീസ് ജോർജ് 23933 വോട്ടുകളും നേടി. ഇടത് മണ്ഡലമെന്ന ഖ്യാതിയുണ്ടെങ്കിലും ഇടയ്‌ക്കുവച്ച് യുഡിഎഫിനെയും പിന്തുണച്ചിട്ടുള്ള മണ്ഡലമാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ.

ഹാട്രിക് വിജയം തേടിയിറങ്ങിയ സിപിഐയിലെ വി.ആർ സുനിൽ കുമാറും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷും നേർക്കുനേർ വന്നപ്പോൾ കൊടുങ്ങല്ലൂരിൽ ഇത്തവണ കടുത്ത മത്സരം ഉറപ്പായിരുന്നു. എൻഡിഎയും മണ്ഡലത്തിൽ നിർണായക ശക്തിയായി മാറിയിട്ടുണ്ട്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നഗരസഭ പരിധിയിൽ എൽഡിഎഫ് ആധിപത്യം തുടർന്നപ്പോൾ പൊയ്യ, അന്നമനട, കുഴൂർ, മാള എന്നീ പഞ്ചായത്തുകളിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയിരുന്നു. മുമ്പ് സുനിൽ കുമാറിൻറെ ഭൂരിപക്ഷങ്ങളിൽ നിർണായകമായത് നഗരസഭ പരിധിയിലെ വോട്ടുകളായിരുന്നു.

എന്നാൽ നഗരസഭയിലെ പല വാർഡുകളിലും ശ്രീനാരായണപുരം പോലെയുള്ള സ്ഥലങ്ങളിലും ബിജെപിക്ക് ഉറച്ച വോട്ടുകളുള്ളത് ഇടതുപക്ഷത്തെ ഭയപ്പെടുത്തി. മാത്രമല്ല, എൻഡിഎയ്‌ക്ക് 30,000-ത്തോളം വോട്ടുകൾ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇവിടെ സമാഹരിക്കാൻ കഴിഞ്ഞതും എൽഡിഎഫ്, യുഡിഎഫ് പാളയങ്ങളിൽ ഞെട്ടലുണ്ടാക്കി.

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും 20,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം വി.ആർ സുനിൽ കുമാറിന് മണ്ഡലത്തിലുണ്ടായിരുന്നു. എങ്കിലും ത്രികോണ മത്സര പ്രതീതിയിലായിരുന്നു ഇത്തവണ കൊടുങ്ങല്ലൂരിലെ തെരഞ്ഞെടുപ്പ് മത്സരം.

അതേസമയം കൽപ്പറ്റ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ് വിജയിച്ചു. 45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്. ആകെ 97379 വോട്ടുകളാണ് ടി സിദ്ദിഖ് നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ 52348 വോട്ടുകളും സ്ഥാനാർഥി വോട്ടുകളും എൻഡിഎ സ്ഥാനാർഥി പ്രശാന്ത് മലവയൽ 19175 വോട്ടുകളും നേടി.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആറാം മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 101 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 37 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്.

Related Articles

Back to top button