മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് നേതാക്കൾ ഡൽഹിയിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ, കോൺഗ്രസിൽ നിന്ന് ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിനായി കോൺഗ്രസ് നേതാക്കൾ മെയ് ഏഴിന് ഡൽഹിക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരാണ്. വി ഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന് വലിയ വിജയം നേടി കൊടുക്കുന്നതിൽ നിർണായ പങ്ക് വഹിച്ച വ്യക്തി എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശന്റെ പേരിന് നറുക്ക് വീഴുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. വി ഡി സതീശന് പുറമേ മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞു കേട്ടിരുന്നു. മുഖ്യമന്ത്രി ആര് എന്നതിനെ സംബന്ധിച്ച് തർക്കം ഉടലെടുത്താൽ ഒത്തുതീർപ്പ് എന്ന നിലയിൽ കെ സി വേണുഗോപാലന്റെ പേരും ചർച്ചകളിൽ ഉയർന്നുവന്നിരുന്നു.എന്നാൽ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞുവീശിയ പശ്ചാത്തലത്തിൽ വിജയത്തിന് ചുക്കാൻ പിടിച്ച നേതാവ് എന്ന നിലയിൽ വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.



