അധിക വൈദ്യുതി ഏറ്റെടുക്കാൻ കെഎസ്ഇബി ട്രാൻസ്‌ഫോർമറുകൾക്ക് ശേഷിയില്ല; പുരപ്പുറ സോളാർ പദ്ധതികൾ പ്രതിസന്ധിയിൽ

പുരപ്പുറ സോളാർ പദ്ധതികളിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി ഏറ്റെടുക്കാൻ കെഎസ്ഇബി ട്രാൻസ്‌ഫോർമറുകൾക്ക് ശേഷിയില്ല. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിലെ പല ട്രാൻസ്‌ഫോർമറുകളും അവയുടെ ഹോസ്റ്റിംഗ് കപ്പാസിറ്റിയുടെ (Hosting Capacity) 90 ശതമാനത്തോളം എത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതുമൂലം പലയിടങ്ങളിലും പുതിയ പുരപ്പുറ സോളാര്‍ അപേക്ഷകർക്ക് സാങ്കേതിക അനുമതി (Feasibility) ലഭിക്കുന്നില്ല.
വിമര്‍ശനം ശക്തം
ട്രാൻസ്‌ഫോർമറുകളുടെ ശേഷി കുറയുമ്പോൾ പുതിയ സോളാർ കണക്ഷനുകൾക്ക് ഹൈബ്രിഡ് ഇൻവെർട്ടറുകളും ബാറ്ററി സ്റ്റോറേജ് (BESS) സംവിധാനവും നിർബന്ധമാക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ പുതിയ ചട്ടങ്ങൾ നിർദ്ദേശിക്കുന്നത്. എന്നാൽ ഇത് സാധാരണക്കാരായ നിക്ഷേപകർക്ക് വലിയ അധിക സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്ന് പ്രോസ്യൂമർ (ഇലക്ട്രിസ്റ്റി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്നവര്‍) സംഘടനകൾ പരാതിപ്പെടുന്നു.
കേന്ദ്ര ഗവൺമെന്റ് നിയമങ്ങൾ പ്രകാരം 10 കിലോവാട്ട് വരെയുള്ള പദ്ധതികൾക്ക് ട്രാൻസ്‌ഫോർമർ ശേഷി നോക്കാതെ അനുമതി നൽകണമെന്നും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടത് വൈദ്യുതി ബോർഡിന്റെ ഉത്തരവാദിത്തമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രാൻസ്‌ഫോർമറുകൾ മാറ്റിസ്ഥാപിക്കാനോ ശേഷി വർദ്ധിപ്പിക്കാനോ ഉള്ള ചെലവ് റെഗുലേറ്ററി കമ്മീഷൻ വഴി താരിഫിലൂടെ ഈടാക്കാവുന്നതാണെന്നും അവർ വാദിക്കുന്നു. കെഎസ്ഇബിയുടെ ഈ നിലപാട് സോളാർ ഊർജം പ്രോത്സാഹിപ്പിക്കാനുള്ള ദേശീയ നയത്തിന് വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. ഗ്രിഡ് കൂടുതൽ ശക്തമാക്കാതെ പുരപ്പുറ സോളാർ മേഖലയിലെ മുന്നേറ്റം സാധ്യമാകില്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
പുരപ്പുറ സോളാർ മുന്നേറ്റത്തില്‍
കേരളത്തിലെ പുരപ്പുറ സോളാർ മേഖല നിലവിൽ വലിയൊരു മുന്നേറ്റത്തിലാണ്. 2026 ഏപ്രിൽ 15 ലെ കണക്കനുസരിച്ച് 2.2 ലക്ഷം സോളാർ നിലയങ്ങളുമായി ഇന്ത്യയിൽ നാലാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തിന്റെ ആകെ ഉൽപ്പാദന ശേഷി 871 മെഗാവാട്ടിലെത്തിയിട്ടുണ്ട്.
നിലവിൽ ഉപഭോക്താക്കൾ കൂടുതൽ തുക ചെലവാക്കി ഹൈബ്രിഡ് സംവിധാനങ്ങളിലേക്ക് (ബാറ്ററി കൂടി ഉൾപ്പെട്ടത്) മാറാൻ താല്പര്യം കാണിക്കുന്നുണ്ട്. എന്നിരുന്നാലും, ട്രാൻസ്‌ഫോർമർ ശേഷിക്കുറവ് ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയായി അവശേഷിക്കുന്നു. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് റൂഫ് ഷെയറിംഗ് പ്രശ്നങ്ങൾ കാരണം സോളാർ പാനലുകൾ വെക്കാൻ പ്രയാസമുളളതായി സംസ്ഥാനത്തെ സോളാര്‍ ഇന്റഗ്രേറ്റേഴ്സിന്റെ (സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ സഹായിക്കുന്ന കമ്പനികള്‍) സംഘടനയായ മാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്തെ ഉൽപ്പാദന കുറവ് പരിഹരിക്കാനുള്ള പുതിയ സാങ്കേതികവിദ്യകൾ എത്തുന്നതോടെ കേരളത്തിലെ സോളാർ മേഖല വലിയൊരു കുതിച്ചു ചാട്ടത്തിലേക്ക് നീങ്ങുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. പിഎം സൂര്യഘർ പദ്ധതിയിലൂടെയുള്ള വായ്പകളും സബ്‌സിഡി സ്കീമുകളും ഈ മേഖലയെ കൂടുതൽ സജീവമാക്കുന്നതായി മാസ്റ്റേഴ്സ് വൈസ് പ്രസിഡന്റും ക്രോംടെക്ക് പവര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ രാജേശ്വരി പറയുന്നു.
ഗ്രിഡില്‍ അസ്ഥിരത
റെഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ച 2025-ലെ പുതുക്കിയ പുനരുപയോഗ ഊർജ ചട്ടങ്ങൾ കേരളത്തിന്റെ സോളാർ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നാണ് കേരള ഡൊമസ്റ്റിക് സോളാർ പ്രോസ്യൂമേഴ്സ് കമ്മ്യൂണിറ്റിയുടെ (KDSPC) നിലപാട്. നെറ്റ് മീറ്ററിംഗ് സൗകര്യം ബാറ്ററി സംവിധാനം ഇല്ലാതെ 10 കിലോവാട്ടായും ബാറ്ററി സംവിധാനത്തോട് കൂടി 20 കിലോവാട്ടായും പരിമിതപ്പെടുത്തുന്നതും, അതിനു മുകളിലുള്ളവർക്ക് ആനുകൂല്യം കുറഞ്ഞ നെറ്റ് ബില്ലിംഗോ ഗ്രോസ് മീറ്ററിംഗോ നിർബന്ധമാക്കുന്നതും ഇടത്തരം കുടുംബങ്ങളെ സോളാർ പദ്ധതികളിൽ നിന്ന് പിന്തിരിപ്പിക്കുമെന്ന് സംഘടനയുടെ കോര്‍ഡിനേറ്റര്‍ ജെയിംസ്കുട്ടി തോമസ് ചൂണ്ടിക്കാട്ടുന്നു. പുതിയ ചട്ടങ്ങള്‍ അനുസരിച്ച് വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നെറ്റ് മീറ്ററിംഗ് അനുവദിക്കുന്നില്ല എന്നതും പോരായ്മയാണ്. ഗ്രിഡ് അസ്ഥിരതയ്ക്ക് കാരണം പ്രോസ്യൂമർമാരാണെന്ന കെ.എസ്.ഇ.ബി.യുടെ വാദം തെറ്റാണെന്നും ഇവർ വാദിക്കുന്നു.