‘മീൻ ഫ്രൈയിൽ ഉപ്പ് കുറഞ്ഞതല്ല, വനിതാ ജീവനക്കാരിയോട് ഷെഫ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് കാരണം’..

എറണാകുളത്ത് ഹോട്ടലിലെ ഷെഫിനെ ആക്രമിച്ച സംഭവത്തിൽ വിശദീകരണവുമായി ഹോട്ടൽ ഉടമ മുഹമ്മദ് ഉബൈസ്. ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് ഷെഫ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഷെഫ് റിയാസിനാണ് ഉബൈസിൻറെ ആക്രമണത്തിൽ പരിക്കേറ്റത്. അതേസമയം മീൻ ഫ്രൈയിൽ ഉപ്പു കുറവായതാണ് ആക്രമണ കാരണം എന്നാണ് ഷെഫ് റിയാസ് പരാതിയിൽ പറയുന്നത്.
എറണാകുളം അങ്കമാലി മീൻവിലാസം റെസ്റ്റോറന്റിലായിരുന്നു സംഭവം. ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഹോട്ടലിന്റെ നാല് ഉടമകളിലൊരാളാണ് ഉബൈസ്. ”ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോൾ മീൻ ഫ്രൈ ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീൻ ഫ്രൈ കൊടുത്തപ്പോൾ ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് പറഞ്ഞു. ഹോട്ടലിൻറെ ഫ്രീസർ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാൻ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ലല്ലോ എന്ന് ഷെഫ് പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. ഷെഫ് അടുക്കളയിലേക്ക് മടങ്ങിയപ്പോൾ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയിൽ വെട്ടുകയായിരുന്നു” എന്നാണ് ആദ്യം പുറത്തുവന്ന വിവരം. ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്ന് ഷെഫ് അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.



