ആശുപത്രിയിൽനിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി; വീട്ടിലെത്തിയ ഉടൻ..

പനി ബാധിച്ച് ചികിത്സയിലായിരുന്ന നാവായിക്കുളം സ്വദേശിനി നിർബന്ധപൂർവം ആശുപത്രി വിട്ടെത്തി സ്വയം തീ കൊളുത്തി മരിച്ചു. കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ വിദ്യ (37) ആണ് മരിച്ചത്. കടബാധ്യതയെത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം വൈകീട്ട് 5.45-ഓടെയായിരുന്നു സംഭവം. പനിയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിൽവരികയും പെട്രോളില്ലാതിരുന്ന വിദ്യയുടെ സ്കൂട്ടിയിൽ ഒഴിക്കുന്നതിനായി വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ബന്ധുവും നാട്ടുകാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രി മരണത്തിന് കീഴടങ്ങി. ഭർത്താവ് മനോജുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന വിദ്യ സീമന്തപുരത്ത് വനിതാഹോട്ടൽ നടത്തിവരികയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്തു.



