രാജസ്ഥാൻ റോയൽസിനെ തൂത്തെറിഞ്ഞ് ടൈറ്റൻസ്…. 77 റൺസിന്റെ ‘റോയൽ’ ജയം… ഗില്ലിനും സായ് സുദർശനും പിന്നാലെ റാഷിദ് മാജിക്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നിഷ്പ്രഭരാക്കി. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 152 റൺസിന് ഓൾഔട്ടായി. 77 റൺസിന്റെ ആധികാരിക വിജയമാണ് ശുഭ്മാൻ ഗില്ലും സംഘവും സ്വന്തമാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും സായ് സുദർശന്റെയും ബാറ്റിങ് കരുത്തിൽ പടുത്തുയർത്തിയ കൂറ്റൻ സ്‌കോറിന് മുന്നിൽ രാജസ്ഥാൻ ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ചു. പവർപ്ലേയിൽ തന്നെ ഇരുവരും ചേർന്ന് 82 റൺസ് അടിച്ചെടുത്തു. സായ് സുദർശൻ 36 പന്തിൽ 55 റൺസെടുത്തപ്പോൾ, നായകൻ ഗിൽ 44 പന്തിൽ 84 റൺസുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചു. അവസാന ഓവറുകളിൽ വാഷിങ്ടൺ സുന്ദറും (20 പന്തിൽ 37) രാഹുൽ തെവാട്ടിയയും (4 പന്തിൽ 14) നടത്തിയ വെടിക്കെട്ടാണ് ഗുജറാത്തിനെ 4 വിക്കറ്റ് നഷ്ടത്തിൽ 229 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി കൗമാരതാരം വൈഭവ് സൂര്യവംശി തകർപ്പൻ തുടക്കമാണ് നൽകിയത്. മുഹമ്മദ് സിറാജിനെ കടന്നാക്രമിച്ച വൈഭവ് 16 പന്തിൽ 36 റൺസെടുത്ത് പുറത്തായി.

വൈഭവിന് പിന്നാലെ വന്ന പ്രമുഖ താരങ്ങളെല്ലാം പരാജയപ്പെട്ടു. ജയ്‌സ്വാൾ (3), ഹെറ്റ്‌മെയർ (6), ഫെരെയ്‌ര (4) എന്നിവർ വേഗത്തിൽ മടങ്ങി. ധ്രുവ് ജുറേൽ (24), രവീന്ദ്ര ജഡേജ (38) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാല് വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാനാണ് രാജസ്ഥാൻ നിരയെ തകർത്തത്. ഒടുവിൽ 152 റൺസിന് രാജസ്ഥാൻ ഇന്നിങ്‌സ് അവസാനിച്ചു. രാജസ്ഥാൻ നിരയിൽ ബ്രിജേഷ് ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നിലവിലെ പ്രകടനം വിലയിരുത്തിയാൽ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് സാധ്യതകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Back to top button