രഹസ്യവിവരം കൃത്യം… വിദേശ പൗരൻ പിടിയിൽ… കൂട്ടാളി…

കോഴിക്കോട്: മാവൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്.) അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ കുസ്തിയ-ഖുൽന ജില്ല സ്വദേശിയായ ദൗളത്ത് പുരതാനയിൽ മുഹമ്മദ് ഹക്‌സൻ (31) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് 6.30ഓടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.ടി.എസ്. സംഘം മാവൂർ കായലത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സംഘം എത്തുമ്പോൾ കായലം അങ്ങാടിയിലെ വാടകവീട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് ഹക്‌സൻ.
പരിശോധനയിൽ ഇയാളിൽ നിന്ന് ബംഗ്ലാദേശ് കറൻസിയും തിരിച്ചറിയൽ രേഖകളും ഉൾപ്പെടെയുള്ള രേഖകളും പിടിച്ചെടുത്തു. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ എ.ടി.എസ്. ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പിടിയിലായ മുഹമ്മദ് ഹക്‌സനും സുഹൃത്തും കഴിഞ്ഞ ദിവസമാണ് കായലത്തെ വാടകവീട്ടിൽ താമസത്തിനെത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഇവിടെ താമസിച്ചിരുന്നതായുള്ള വിവരവും എ.ടി.എസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ മുഹമ്മദ് ഹക്‌സനെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.



