അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച 3വയസുകാരിക്ക്… പുഷ്പഗിരി ആശുപത്രിക്കെതിരെ കുടുംബം

സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നു വയസുകാരിക്ക് തുടക്കത്തിൽ ടിബി മെനിഞ്ചൈറ്റിസിന് ചികിത്സ നൽകിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. പനി മാറാത്തതിനാൽ ഇക്കഴിഞ്ഞ ജൂലായ് 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നത്. തിരുവല്ല സ്വദേശികളായ സന്ദീപ് – പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിക്കാണ് ദുരവസ്ഥ. രോഗം മൂർച്ഛിച്ചതോടെ ഓഗസ്റ്റ് ഒന്നിന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെവച്ചും രോഗനിർണയം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചതോടെയാണ് കുട്ടിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗനിർണയം വൈകിയതിനാൽ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.



