‘യാത്രക്കാരെ കുടിപ്പിച്ച് വീഴ്ത്തരുത്’; വെൻഡിംഗ് മെഷീൻ അവതരിപ്പിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ..

ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിംഗ് മെഷീൻ അവതരിപ്പിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ബെവ്‌കോയുടെ ഈ ‘ടെസ്റ്റ് ഡോസ് നീക്കം’ സർക്കാരിന്റെ സമീപത്തിന് വിരുദ്ധമാണ്. മെട്രോ സ്റ്റേഷനുകളിൽ തുടക്കം കുറിക്കുന്നത് മറ്റ് ഔട്ട്‌ലെറ്റുകളിലും ബസ് സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും വ്യാപകമാകുന്നതിന് കാരണമാകും. റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകളോ മദ്യപരോ പ്രവേശിക്കാൻ പാടില്ലായെന്ന റെയിൽ നിയമം നിലനിൽക്കെ തന്നെയാണ് യാത്രക്കാരെ കുടിപ്പിച്ചു വീഴ്ത്താൻ ബെവ്‌കോ നീക്കം നടത്തുന്നത്. ഇക്കാര്യത്തിൽ റെയിൽവേ നയം വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.



