യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും 2021ലെ കരമന വൈശാഖ് വധക്കേസിലെ പ്രതികളുമായ സുജിത് (32), അഭിലാഷ് (39), സരിത (37) എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്. വെമ്പായം സ്വദേശിയായ ശരത്ത് (37) ആണ് ആക്രമണത്തിനിരയായത്.

അഭിലാഷിന്റെ ഭാര്യ ഒരു മോഷണക്കേസിൽ ജയിലിലാകാൻ കാരണക്കാരൻ ശരത്താണെന്ന സംശയത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു. പ്രതികളും ശരത്തും മുൻപരിചയക്കാരാണെന്നും അന്വേഷണത്തിൽ വ്യക്തമായി. വെള്ളിയാഴ്ച വൈകിട്ട് മലയിൻകീഴിലെ വാടക ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശരത്തിനെ ആദ്യം മർദിച്ച പ്രതികൾ, തുടർന്ന് മണ്ണന്തല ചെമ്പൂരിലെ മറ്റൊരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദനം തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.

മർദനത്തെ തുടർന്ന് ശരത്ത് മരിച്ചതായി കരുതി പ്രതികൾ ഇയാളെ ഫ്ലാറ്റിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എന്നാൽ പിന്നീട് ബോധം വീണ്ടെടുത്ത ശരത്ത് പുറത്തേക്കെത്തി നാട്ടുകാരുടെ സഹായം തേടി. വിവരമറിഞ്ഞെത്തിയ മണ്ണന്തല പൊലീസ് ഇയാളെ രക്ഷപ്പെടുത്തി.

കോഡാലിയുടെ പിൻഭാഗവും ഇരുമ്പ് വളയും ഉപയോഗിച്ചാണ് ശരീരമാസകലം മർദിച്ചതെന്ന് ശരത്ത് മൊഴി നൽകിയിട്ടുണ്ട്. പരിക്കുകളിൽ മുളകുവെള്ളം ഒഴിക്കുകയും ബോധം നഷ്ടപ്പെട്ട ശേഷവും ആക്രമണം തുടരുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ ചില രേഖകളിൽ ബലമായി ഒപ്പിടിപ്പിക്കാനും സ്കൂട്ടർ കൈവശപ്പെടുത്താനും പ്രതികൾ ശ്രമിച്ചെന്ന ആരോപണവും ഉണ്ട്.

മൊഴി നൽകുന്നതിനിടെ ശരത്ത് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

Related Articles

Back to top button