‘യൂട്യൂബിൽ വ്യാജ വാർത്ത ചെയ്ത് അരി വാങ്ങിയവർ കരുതിയിരുന്നോളൂ’… യൂട്യൂബർമാർക്കും മുന്നറിയിപ്പുമായി ലക്ഷ്മി പ്രിയ

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞ വിവാദങ്ങളിൽ നടി അൻസിബ ഹസനെതിരെ കടുത്ത നിയമനടപടികളുമായി നടി ലക്ഷ്മി പ്രിയ. തനിക്കെതിരെ വ്യാജ വാർത്തകളും അപവാദങ്ങളും പ്രചരിപ്പിച്ചതിന് അൻസിബയ്ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയാണെന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വാർത്തകൾ വന്നതുകൊണ്ട് തന്റെ മനസ്സമാധാനം ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നും, സത്യം അറിയാതെ തനിക്കെതിരെ വ്യാജ തലക്കെട്ടുകൾ നൽകി റിയാക്ഷൻ വീഡിയോകൾ ചെയ്ത യൂട്യൂബർമാരും കരുതിയിരുന്നോളണമെന്നും താരം മുന്നറിയിപ്പ് നൽകി.

വിവാദങ്ങൾ നടക്കുമ്പോൾ താൻ പുതുതായി നിർമ്മിക്കുന്ന ഫാമിലെ കോഴി വളർത്തലിനെയും പശു വളർത്തലിനെയും കുറിച്ചുള്ള യൂട്യൂബ് വീഡിയോകൾ കാണുന്ന തിരക്കിലായിരുന്നു. കൂടാതെ താൻ നിർമ്മിക്കുന്ന ‘അലിക്കത്ത്’ എന്ന സിനിമയുടെ തിരക്കഥാ ചർച്ചകളിലും ‘അമ്മ’ സംഘടനയുടെ ആനുവൽ ജനറൽ ബോഡി റിപ്പോർട്ട് തയ്യാറാക്കുന്ന തിരക്കിലുമായിരുന്നു താനെന്ന് ലക്ഷ്മി പ്രിയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രണ്ട് മിനിറ്റ് ഫോണിൽ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂവെന്നും, എന്നാൽ മറ്റേയാൾ അതിന് തയ്യാറാകാത്തതിനാലാണ് തനിക്ക് 4 വരിയുള്ള ഒരു പരാതി നൽകേണ്ടി വന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു.

പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ മാനസികമായി പീഡിപ്പിച്ചു എന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മി പ്രിയ ചൂണ്ടിക്കാട്ടി. താൻ വന്നതും പോയതും യൂബർ ടാക്സിയിലാണ്. ആ ഡിജിറ്റൽ രേഖകളെല്ലാം പോലീസിന് നൽകിയിട്ടുണ്ട്. 25 മിനിറ്റിൽ താഴെ മാത്രമാണ് ചോദ്യം ചെയ്യൽ നടന്നതെന്നും ബാക്കി സമയം ഫോൺ കോളുകൾക്കും റിപ്പോർട്ട് എഴുതാനുമാണ് എടുത്തതെന്നും താരം വ്യക്തമാക്കി. വളരെ എഫിഷ്യന്റായ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ക്രെഡിബിലിറ്റിയെയാണ് അൻസിബ മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തതെന്നും ലക്ഷ്മി പ്രിയ കുറ്റപ്പെടുത്തി.

അൻസിബയുടെ ഈ നീക്കങ്ങൾക്ക് പിന്നിൽ വലിയ നിഗൂഢതയുണ്ടെന്നും ഇതിന് പിന്നിൽ ആരോ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായും ലക്ഷ്മി പ്രിയ പറഞ്ഞു. പരാതി കൊടുക്കുന്നതിന് മുൻപ് സ്റ്റേഷനിൽ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോ എന്ന് അറിയാൻ വിവരാവകാശം വഴി അൻസിബ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ന് ഡിജിറ്റൽ യുഗമാണെന്നും ചുറ്റിലും സിസിടിവി ഉണ്ടെന്ന കാര്യം അവർ മറന്നുപോയെന്നും താരം പരിഹസിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, കമ്മീഷണർ തുടങ്ങിയ വലിയ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയമാണ് ഈ കുട്ടി കാരണം പാഴായിപ്പോയത്. അൻസിബ വിചാരിച്ചാൽ തകർന്നു പോകുന്ന ആളല്ല താനെന്നും, തന്റെ സ്ത്രീത്വത്തെയും 10 വയസ്സുള്ള മകളെയും വരെ അധിക്ഷേപിച്ചതിന് അൻസിബ മറുപടി പറഞ്ഞേ മതിയാവൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് ലക്ഷ്മി പ്രിയ യഥാർത്ഥ നിയമപോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button