റാന്നി ആൾക്കൂട്ട ആക്രമണം: 5 പേർ അറസ്റ്റിൽ… മർദ്ദനമേറ്റയാൾക്കെതിരെയും കേസ്

പത്തനംതിട്ട: റാന്നി കരിങ്കുറ്റിയിൽ ഒളിഞ്ഞുനോട്ടം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശികളായ ശശി, റോജി, ജിഷ്ണു, മഹേഷ്, റെജിൻ എന്നിവരാണ് പിടിയിലായത്. കൈകൾ കൊണ്ടും വടികൾ കൊണ്ടും ക്രൂരമായി മർദ്ദിച്ചതിനാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. റാന്നി ഉന്നക്കാവ് സ്വദേശിയായ വർഗീസ് മാത്യുവാണ് കഴിഞ്ഞ ദിവസം ആൾക്കൂട്ടത്തിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്.

നഗ്നനായി വീട്ടിൽ അതിക്രമിച്ച് കയറി ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇയാൾക്ക് നേരെ തിരിഞ്ഞത്. സംഭവത്തിൽ മർദ്ദനമേറ്റ വർഗീസ് മാത്യുവിനെതിരെയും, ഇയാളെ മർദ്ദിച്ചവർക്കെതിരെയും റാന്നി പോലീസ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘമാണ് പരിക്കേറ്റ വർഗീസിനെ ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button