വിജയത്തെക്കാൾ മധുരമുണ്ട് ഈ തോൽവിക്ക്… പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ്. യുഡിഎഫിന്റെ ഉറപ്പായ സിറ്റിങ് സീറ്റിൽ ഭൂരിപക്ഷം വൻതോതിൽ കുറയ്ക്കാനായത് വലിയ നേട്ടമാണെന്നും, “വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക്” എന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് 2273 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച കുറ്റിച്ചിറ വാർഡിൽ, ഇത്തവണ യുഡിഎഫ് ഭൂരിപക്ഷം 436 വോട്ടിലേക്ക് ചുരുങ്ങിയെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫർസീന വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് യുഡിഎഫ് ക്യാമ്പിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ജനവിരുദ്ധ യുഡിഎഫ് സർക്കാർ നിലപാടുകളും, മതനിരപേക്ഷതയിൽ വെള്ളം ചേർക്കുന്ന ബിജെപി രാഷ്ട്രീയത്തോടുള്ള സമീപനങ്ങളും എൽഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൗൺസിലറായിരുന്ന ഫാത്തിമ തഹ്‍ലിയ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കുറ്റിച്ചിറ 59-ാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫർസീന വിജയിച്ചപ്പോൾ (2711 വോട്ടുകൾ), എൽഡിഎഫിനായി മത്സരിച്ച ടി.ടി. ജംഷീന 2275 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി ജീജ കെ 204 വോട്ടുകളും നേടി ശക്തമായ മത്സരം കാഴ്ചവെച്ചു.

Related Articles

Back to top button