ശബരിമലയ്ക്ക് മുകളിലൂടെ ഹെലിക്കോപ്റ്റർ പറന്നതിൽ അസ്വാഭാവികതയില്ല…. വഴിതെറ്റി വന്നതെന്ന് ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ്ഗാർഡ് ഹെലിക്കോപ്റ്റർ പറന്ന സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഹെലിക്കോപ്റ്റർ ദിശ മാറി വന്നതാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹെലിക്കോപ്റ്റർ കണ്ട ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചതായും പരിശോധനയിൽ ഇത് കോസ്റ്റ്ഗാർഡിന്റേതാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കോസ്റ്റ്ഗാർഡിന്റെ ‘ചേതക്’ ഹെലിക്കോപ്റ്റർ ശബരിമല ക്ഷേത്രത്തിന് തൊട്ടുമുകളിലൂടെ പറന്നത്. കൊടിമരത്തിനും സോപാനത്തിനും സമീപത്തുകൂടി വേഗത കുറച്ചു പറന്ന ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നവർ ചിത്രങ്ങൾ പകർത്തിയെന്ന വിവരവും പുറത്തുവന്നിരുന്നു. ഭക്തരും ജീവനക്കാരും ഇത് ദൃശ്യങ്ങളിൽ പകർത്തുകയും ചെയ്തു. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും യാതൊരു നിരീക്ഷണത്തിന്റെയും ഭാഗമല്ലെന്നുമാണ് കോസ്റ്റ്ഗാർഡ് നൽകുന്ന വിശദീകരണം. എന്നാൽ അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ച് പരിഭ്രാന്തി പരത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തു. എഡിജിപി എസ്. ശ്രീജിത്തിനോട് ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം യാദൃച്ഛികമാണെന്നും ഉദ്യോഗസ്ഥർ ചിത്രങ്ങൾ എടുത്തതിൽ പ്രശ്നമില്ലെന്നുമാണ് ദേവസ്വം പ്രസിഡന്റ് ജയകുമാറിന്റെ നിലപാട്. പോലീസ് ആസ്ഥാനത്ത് നിന്ന് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അതീവ സുരക്ഷാ മേഖലയിൽ ഇത്തരത്തിൽ ഹെലിക്കോപ്റ്റർ സഞ്ചരിച്ചത് ഗൗരവകരമായ കാര്യമാണെന്ന് ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.



